എംഎം മണിയെ നിയന്ത്രിക്കണമോ എന്ന് സി.പി.ഐ.എം തീരുമാനിക്കണമെന്ന് ആനി രാജ, ഒഴിവാക്കാമായിരുന്നെന്ന് ബിനോയ് വിശ്വം

എംഎം മണിയെ നിയന്ത്രിക്കണമോ എന്ന് സി.പി.ഐ.എം തീരുമാനിക്കണമെന്ന് ആനി രാജ, ഒഴിവാക്കാമായിരുന്നെന്ന് ബിനോയ് വിശ്വം
Published on

നിയമസഭയില്‍ കെ.കെ രമയെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണിക്കെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ. എം.എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. രാഷ്ട്രീയ സംവാദങ്ങള്‍ക്കും രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇത്തരത്തിലുള്ള വേദനകളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമായിട്ടുള്ള കാര്യമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എം.എം മണിയെ നിയന്ത്രിക്കണമോ എന്ന് സി.പി.ഐ.എം തീരുമാനിക്കണം. എം.എം മണി പ്രസ്താവന പിന്‍വലിച്ചാല്‍ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.

അതേസമയം കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. 'ഗ്രാമീണ ഭാഷ ഉപയോഗിക്കുന്ന ആളാണ് മണി. അദ്ദേഹത്തിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല. എന്നാലും പ്രസ്താവന ഒഴിവാക്കാമായിരുന്നു', ബിനോയ് വിശ്വം പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ച്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്ക് എതിരെ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല' എന്നായിരുന്നു പരാമര്‍ശം. എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.എം മണി രംഗത്തുവന്നിരുന്നു. രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയില്‍ അവര്‍ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമര്‍ശം. രമയ്ക്ക് സഭയില്‍ പ്രത്യേക പദവി ഒന്നുമില്ല. അപ്പോള്‍ വായില്‍ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്നും എം.എം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in