അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവി; ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ ഡിജിപി

അനില്‍ കാന്ത്  സംസ്ഥാന പൊലീസ് മേധാവി; ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ ഡിജിപി
Published on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചു. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാനത്തെ ആദ്യ പൊലീസ് മേധാവിയാണ് അനില്‍ കാന്ത്. ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് മന്ത്രിസഭാ തീരുമാനം.

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് ജില്ലയില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in