'മോദി സര്‍ക്കാര്‍ വേട്ടയാടുന്നു'; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍

'മോദി സര്‍ക്കാര്‍ വേട്ടയാടുന്നു'; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍
Published on

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടല്‍ മൂലമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യത്തോടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ഇതേ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായി. സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും കാമ്പെയിനുകളും നിര്‍ത്തിവെക്കേണ്ടി വന്നുവെന്നും ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനയെ വേട്ടയാടുകയാണെന്നും ആംനസ്റ്റി ആരോപിച്ചു. അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ അനുസരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്ന ആംനസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നും സംഘടന ആരോപിക്കുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിന് ശേഷവും ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിനിടയിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ആംനസ്റ്റി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

'ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണിയും നേരിടുന്നുവെന്ന് ആംനസ്റ്റി ഇന്ത്യയുടെ റിസര്‍ച്ച്, അഡ്വക്കസി പോളിസി ഡയറക്ടര്‍ ശരത് ഖോശ്ലെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കാര്യത്തിലായാലും ജമ്മുകശ്മീരിലെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന വിഷയത്തിലായാലും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം വേട്ടയാടുന്നതായും ആംനസ്റ്റി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി നേരിടുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ആംനസ്റ്റിയുടെ ഡല്‍ഹി, ബെംഗളൂരു ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) പരിധിയില്‍ ആംനസ്റ്റി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in