ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ 'അമ്മ'യ്ക്ക് എതിർപ്പില്ല: സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ 'അമ്മ'യ്ക്ക് എതിർപ്പില്ല: സിദ്ദിഖ്
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് താരസംഘടനയായ അമ്മ. സംഘടയില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനാണ് അമ്മ സംഘടനയെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും അമ്മ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമ സംഘടനകളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അമ്മ പ്രതിനിധികള്‍.

ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണ്. അമ്മയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിര്‍ദേശങ്ങള്‍ വെക്കാനില്ലെന്നും സിദ്ധിഖ് പറഞ്ഞു.

സിദ്ദിഖിന്‍റെ വാക്കുകള്‍:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അമ്മ സംഘടനക്ക് യാതൊരു എതിര്‍പ്പും ഇല്ല. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്‍റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍ അനുകൂല സമീപനമാണുള്ളത്. സംഘടനയില്‍ വരുന്ന പരാതികള്‍ പരിഹരിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അല്ലാതെ സിനിമ മേഖലയില്‍ ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. നിയമനിര്‍മ്മാണം നടത്തുന്നതുവരെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും അമ്മ സംഘടന ഇടപെടും.

Related Stories

No stories found.
logo
The Cue
www.thecue.in