മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ വിജയ് ബാബുവിന്റെ 'മാസ് എന്‍ട്രി', ഗണേഷിന്റെ ആരോപണത്തിന് പിന്നാലെ വീഡിയോയുമായി അമ്മ യൂട്യൂബ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ വിജയ് ബാബുവിന്റെ 'മാസ് എന്‍ട്രി', ഗണേഷിന്റെ ആരോപണത്തിന് പിന്നാലെ വീഡിയോയുമായി അമ്മ യൂട്യൂബ്
Published on

ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള വിജയ് ബാബു കഴിഞ്ഞ ദിവസം താരസംഘടനയുടെ യോഗത്തിനെത്തിയത് മാസ് ബിജിഎമ്മിനൊപ്പം അവതരിപ്പിച്ച് അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയും അമ്മ മുന്‍ വൈസ് പ്രസിഡന്റുമായ കെ.ബി ഗണേഷ് കുമാര്‍ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അമ്മ ഒഫീഷ്യല്‍ എന്ന താരസംഘടനയുടെ യൂട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ അമ്മ ജനറല്‍ ബോഡിയിലേക്കുള്ള എന്‍ട്രി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിജയ് ബാബു ഒളിവില്‍ കഴിയാന്‍ വിദേശത്ത് പോയപ്പോള്‍ ഇടവേള ബാബുവിനെയും ഒപ്പം കണ്ടതായി ആരോപണമുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അമ്മ ജനറല്‍ ബോഡി യോഗം ജൂണ്‍ 26ന് കളമശ്ശേരിയില്‍ വച്ച് നടന്നതിന് പിന്നാലെ അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജനറല്‍ ബോഡി യോഗത്തിലേക്കുള്ള എന്‍ട്രി ചെറുവീഡിയോ ആയി അപ്‌ലോഡ് ചെയ്തിരുന്നു.

വിജയ് ബാബു യോഗത്തിനെത്തിയതും അംഗങ്ങള്‍ സ്വീകരിക്കുന്നതും കെട്ടിപ്പിടിച്ച് സ്നേഹപ്രകടനം നടത്തുന്നതുമായ വീഡിയോ ആണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീഡിയോക്ക് പിന്നാലെ ഒഫീഷ്യല്‍ ചാനല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെ അദ്ദേഹം അംഗമായ മറ്റ് ക്ലബുകള്‍ പുറത്താക്കിയിട്ടില്ലെന്നും അമ്മയും അത് പോലെ ഒരു ക്ലബ് ആണെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനെതിരെ നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പിലാണ്. അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രതികരണം തിരുത്തിയില്ലെങ്കില്‍ രാജി വെക്കുമെന്നാണ് ഗണേഷ് പറഞ്ഞിരിക്കുന്നത്.

ഗണേഷ് കുമാര്‍ പറഞ്ഞത്

സാധാരണ ക്ലബ്ബുകളില്‍ കാണുന്നത് പോലെ ചീട്ട് കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വലിയൊരു ആശങ്കയുണ്ടായി. എന്റെ അറിവില്‍ അമ്മ ഒരു ക്ലബ്ബല്ല.

അമ്മ ഒരു ചാരിറ്റബില്‍ സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ശ്രീ ഇടവേള ബാബുവും അമ്മയുടെ ബഹുമാന്യനായ പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

അമ്മയില്‍ ജോലി ചെയ്യുന്ന ആളുകള്‍ വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാന്‍ പാടില്ല. അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തിലാണ് ഈ സംഘടന ആരംഭിക്കുന്നത്. ഒരു ക്ലബ്ബായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു തന്റെ സ്റ്റേറ്റ്മെന്റ് പിന്‍വലിച്ച് മാപ്പ് പറയണം.

അമ്മ ക്ലബ്ബായി മാറിയെന്ന് ഇടവേള ബാബു പ്രഖ്യാപിച്ചാല്‍ ആ നിമിഷം അമ്മയില്‍ നിന്ന് ഞാന്‍ രാജിവെക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ്. എനിക്കങ്ങനെയൊരു ക്ലബ്ബില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ല.

ആരോപണവിധേയനായ ആള്‍ അമ്മയില്‍ നിന്ന് രാജിവെച്ച് പോയി. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടാണ് രാജികൊടുത്തതെന്ന് പറയുന്നു. സ്വയം വെച്ചതാണെന്ന് പറയുന്നു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

അദ്ദേഹത്തിനെ കോടതി വെറുതെ വിട്ടതായി അറിവില്ല. ദിലീപ് എന്താണോ ചെയ്തത് അത് ഇദ്ദേഹവും ചെയ്യണം. ഇദ്ദേഹം ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്ന സമയത്ത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്തിന് വിദേശത്തേക്ക് പോയി. അവിടെ പലയിടത്തും കണ്ടതായി പറയുന്നു ഇതേസമയത്ത് തന്നെ. അതൊക്കെ എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in