കേരളത്തെ അപമാനിച്ച പ്രസ്താവന തിരുത്തി അമിത് ഷാ മാപ്പ് പറയണം: പി.എ മുഹമ്മദ് റിയാസ്

കേരളത്തെ അപമാനിച്ച പ്രസ്താവന തിരുത്തി അമിത് ഷാ മാപ്പ് പറയണം: പി.എ മുഹമ്മദ് റിയാസ്
Published on

വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഈ രാജ്യവും രാജ്യം ഭരിക്കുന്ന സർക്കാരും ഒട്ടേറെ അംഗീകാരങ്ങള്‍ നൽകി ആദരിച്ച നാടാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും പറഞ്ഞുപോയതിൽ മാപ്പ് പറയാൻ തയ്യാറാകണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അപമാനിക്കുന്ന പ്രസ്താവന അമിത് ഷായുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടും കേരളത്തിലെ യു.ഡി.എഫ് നേതൃത്വം വിഷയത്തിൽ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നും മന്ത്രി പറ‍ഞ്ഞു. അമിത് ഷായുടെ പരാമർ‌ശത്തിൽ പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും നിലപാട് എന്താണെന്നും മന്ത്രി ചോദിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം

ക്രമസമാധാന പരിപാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണ്. മതസൗഹാര്‍ദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാലും കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം മുന്നോട്ട് പോവുകയാണ്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങള്‍ കേരളത്തിന് നല്‍കി. ഇതൊക്കെ കേരള സര്‍ക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സര്‍ക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ്, കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്.

നമ്മുടെ രാജ്യത്ത് മതസൗഹാര്‍ദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്. ശ്രീ.അമിത് ഷാ ഈ പ്രസ്താവന തിരുത്തണം.പ്രസ്താവന തിരുത്തി പറഞ്ഞുപോയതിന് മാപ്പ് പറയാന്‍ ശ്രീ.അമിത് ഷാ തയ്യാറാകണം.

ഇവിടെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രസ്താവനയല്ല. ജനങ്ങളെ, ഒരു ജനതയെ തന്നെ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനയാണ്. എന്നാല്‍ കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നത് അത്ഭുതകരമാണ്.

കെപിസിസി പ്രസിഡന്റിന് അമിത് ഷാ യുടെ അഭിപ്രായത്തെ കുറിച്ച് എന്താണ് നിലപാട്. കേരളത്തിലെ പ്രതിപക്ഷ നേതാവിന് അമിത് ഷാ പറഞ്ഞതിനെ കുറിച്ച് എന്താണ് നിലപാട്. ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബും അമിത് ഷാ പറഞ്ഞതിനെ കുറിച്ച് മൗനം നടിക്കാന്‍ കാരണമായ സമീപനം എടുക്കാന്‍ സ്വീകരിച്ച ആ രീതി എന്തുകൊണ്ടാണ്. ഇതൊക്കെ പൊതുവെ ജനങ്ങള്‍ക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ ആയതുകൊണ്ട് കേരളത്തിന്റെ യു.ഡി.എഫ് നേതൃത്വം ഇതിനോട് മൗനം പാലിക്കുന്നത് കേരളത്തിലെ ജനങ്ങളെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടുകത്തിച്ചുകൊടുന്ന ഏർപ്പാടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in