അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയ നടപടിയെ ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയ്ക്കായി സ്വീകരിച്ച ഉചിതമായ തീരുമാനമായിരുന്നു അതെന്നും, തന്റെ തീരുമാനത്തിന് പിന്നില്‍ തന്നെ നിലകൊള്ളുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഒരിക്കലും ഒരു നല്ല സമയം ഉണ്ടാകില്ലെന്ന് താന്‍ മനസിലാക്കിയെന്നും ജോ ബൈഡന്‍. 'അഫ്ഗാനിസ്ഥാനിലെ ദൗത്യം ഒരിക്കലും രാഷ്ട്രനിര്‍മ്മാണത്തെ പിന്തുണച്ചിട്ടില്ല. താലിബാനുമായുള്ള ചെറുത്തുനില്‍പ്പില്‍ അഫ്ഗാന്‍ പാടെ പരാജയപ്പെട്ടു, അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തകര്‍ന്നുപോയി. അവരുടെ ഭാവി നിര്‍ണയിക്കാനുള്ള എല്ലാ അവസരങ്ങളും നമ്മള്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ ആ ഭാവിക്ക് വേണ്ടി പോരാടാനുള്ള ഇച്ഛാശക്തി അവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞില്ല.'
അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടരുത്, അഫ്ഗാന്‍ ജനതയുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് അമേരിക്ക തുടരുമെന്നും ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നത് താലിബാന്‍ തടസപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, ആവശ്യമെങ്കില്‍ ശക്തി ഉപയോഗിച്ച് തങ്ങളുടെ ആളുകളെ സംരക്ഷിക്കുമെന്നും ജോ ബൈഡന്‍.