ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് ; ആദ്യ അനുമതി ബംഗാളില്‍
യുഎസ് ആസ്ഥാനമായ വന്‍കിട വില്‍പ്പന ശൃംഖലയായ ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവിതരണത്തിന്. പശ്ചിമ ബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് കമ്പനിക്ക് അനുമതി ലഭിച്ചു.സംസ്ഥാന ബെവ്‌റേജസ് കോര്‍പ്പറേഷനാണ് ആമസോണിന് അംഗീകാരം നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. കമ്പനി ഇതിന് അനുയോജ്യരാണെന്ന് വിലയിരുത്തിക്കൊണ്ടാണ് നടപടി. ബിഗ് ബാസ്‌കറ്റ് എന്ന ഇന്ത്യന്‍ കമ്പനിക്കും മദ്യവിതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ധാരണാപത്രം ഒപ്പുവെയ്ക്കാനായി സര്‍ക്കാര്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. 90 ദശലക്ഷത്തിലധികമാണ് ജനസംഖ്യ.
ഇവിടെ മദ്യവില്‍പ്പനയിലൂടെ 27.2 ബില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റിലേക്കാണ് ആമസോണ്‍ പ്രവേശിക്കുന്നത്. IWSR ഡ്രിങ്ക്‌സ് മാര്‍കറ്റാണ് ഇത്തരമൊരു വിശകലനം നടത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 6.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ചുവടുറപ്പിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ചിലയിടങ്ങളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇന്ത്യയില്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മെയ് മാസം അടച്ചിടലിന് ഇളവുണ്ടായപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തിക്കിത്തിരക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.