ട്വീറ്റിന്റെ പേരില്‍ അറസ്റ്റ്; മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ട്വീറ്റിന്റെ പേരില്‍ അറസ്റ്റ്; മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ  പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Published on

തിങ്കളാഴ്ച അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈറിനെ ന്യൂഡല്‍ഹി മജിസ്‌ട്രേറ്റ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സുബൈറിനെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് അജയ് നര്‍വാളിന് മുന്നില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുബൈര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ ചുമത്തിയത്. ജൂണ്‍ 19ന് രാത്രി 11 മണിക്കായിരുന്നു സുബൈര്‍ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്നാണ് എഫ്.ഐ.ആര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്.

ട്വീറ്റ് കണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ എഫ്.ഐ.ആറിന്റെ ഉള്ളടക്കത്തില്‍ പറയുന്നു.

ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ പേരിലുള്ള ഒരാളുടെ പരാതിയിലാണ് കേസ്. എന്നാല്‍ പരാതിക്ക് കാരണമായ ട്വീറ്റില്‍ പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു ട്വീറ്റില്‍ മതവിദ്വേഷം വ്രണപ്പെടുത്തുന്ന ഉള്ളടക്കം കണ്ടതിനാലാണ് അറസ്റ്റെന്നാണ് പൊലീസ് വാദം.

സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകനായ പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. നെയിം ടാഗ് പോലുമില്ലാത്ത പൊലീസുകാരാണ് സുബൈറിനെ അറസ്റ്റ് ചെയ്തത് എന്നും, സുബൈറിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എന്ന് തന്നോടോ അഭിഭാഷകനോടോ പൊലീസ് പറഞ്ഞിരുന്നില്ലെന്നും പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു.

അറസ്റ്റ് നടക്കുന്ന ദിവസം രാവിലെ ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്‍ സുബൈറിനെ വിളിച്ചുവെന്നും പ്രതിക് സിന്‍ഹ പറയുന്നു.

''സുബൈറിനെ ഇന്ന് ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്‍ വിളിച്ചു. 2020 ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ഈ കേസില്‍ സുബൈറിന് നേരത്തെ തന്നെ ഹൈക്കോടതിയുടെ സംരക്ഷണം ഉണ്ട്. പക്ഷേ ഇന്ന് വൈകുന്നേരം 6.45 ന് മറ്റൊരു എഫ്.ഐ.ആറില്‍ സുബൈറിനെ അറസ്റ്റ് ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമപ്രകാരം നല്‍കേണ്ട നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് . നിരന്തരം ആവശ്യപ്പെട്ടിട്ടും എഫ്.ഐ ആറിന്റെ പകര്‍പ്പും നല്‍കിയിട്ടില്ല,'' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സുബൈറിന്റെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് രൂപപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സുബൈറിന്റെ അറസ്റ്റിനെ അപലപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in