പൊലീസിന് വേണ്ടത് മതേതര പ്രതിച്ഛായ, സേനയില്‍ താടി വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി

പൊലീസിന് വേണ്ടത് മതേതര പ്രതിച്ഛായ, സേനയില്‍ താടി വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി
Published on

താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊലീസുദ്യോഗസ്ഥന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. താടിവെച്ചതിന്റെ പേരില്‍ സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ നവംബറിലാണ് മുഹ്‌മദ് ഫര്‍മാനെ താടിവെച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്. ഭരണഘടനയിലെ 25ാം വകുപ്പ് പ്രകാരം താടിവെക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഫര്‍മാന്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളുകയായിരുന്നു.

ഇക്കാര്യത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25ന്റെ പരിരക്ഷ പൊലീസിന് ലഭിക്കില്ലെന്നാണ് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്നും പൊലീസിന് വേണ്ടത് മതേതര മുഖമാണെന്നും കോടതി വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിക്കാത്തത് സര്‍ക്കുലര്‍ ലംഘനമാണന്നും കോടതി ചൂണ്ടിക്കാണിച്ചു.

'ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിച്ചില്ല എന്നത് സര്‍ക്കുലര്‍ ലംഘനമാണ്. ഇതൊരു മോശം സ്വഭാവമാണ് എന്ന് മാത്രമല്ല, തെറ്റായ നടപടികൂടിയാണ്. ശരിയായ യൂണിഫോം ധരിക്കുന്നതിനും സോനാംഗങ്ങള്‍ക്ക് ഒരേ മാതൃകയിലുള്ള സ്വഭാവം നിലനിര്‍ത്തുന്നതിനും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊലീസിന് അധികാരമുണ്ട്. അതില്‍ കോടതിയ്ക്ക് ഇടപെടാനാകില്ല,' ബെഞ്ച് പറഞ്ഞു.

2020 ഒക്ടോബര്‍ 26നാണ് സംസ്ഥാന ഡി.ജി.പി പൊലീസുദ്യോഗസ്ഥര്‍ താടി നീട്ടരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതരെയായിരുന്നു പൊലീസുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in