പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ഇരുവരുടെയും പേരില്‍ പോലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍പ്രവര്‍ത്തനം നടത്തിയതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണെന്നും എം.എ ബേബി
ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‌കേണ്ടതാണെന്നും ബേബി പ്രതികരിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടതി ജാമ്യം. അനുവദിച്ചത്. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. പാസ് പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയില്‍ പറയുന്നു. വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് താഹയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ അലന്റെയും താഹയയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്ത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. 2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുത്തു. ഏപ്രില്‍ 27ന് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.