ഹത്രാസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹല്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കാപ്പന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി. സിങ്, ഇഷാന്‍ ഭഗല്‍ എന്നിവര്‍ ഹാജരായി. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കാപ്പന്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തു. 22 മാസമായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയിരുന്നു.