ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചതാരെന്ന് തെളിയിക്കാന്‍ പോലും പോലീസിനായില്ല, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്
മാസങ്ങള്‍ പലതും പിന്നിട്ടിട്ടും അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണ് എന്നത് പോലും കൃത്യമായി തെളിയിക്കുവാന്‍ പോലീസിന് ആയിട്ടില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി. ഇത് സംശയാസ്പദമാണ്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എഐവൈഎഫ്. അപകടത്തില്‍ സംശയം രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ രംഗത്തുവന്നിരുന്നു, അപകടവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് അപകടം നടന്ന് മാസങ്ങള്‍ പലതും പിന്നിട്ടിട്ടും അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണ് എന്നത് പോലും കൃത്യമായി തെളിയിക്കുവാന്‍ പോലീസിന് ആയിട്ടില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി. ഇത് സംശയാസ്പദമാണ്.
കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു അപകടം മരണത്തില്‍ തുടര്‍ച്ചയായി ദുരൂഹതകള്‍ ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി അപകടത്തിന് പിന്നിലെ സംഭവങ്ങളും വെളിച്ചത്തു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ആര്‍.സജിലാല്‍ സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദ് മൊഴി മാറ്റിയത് വിവാദമായിരുന്നു. പ്രകാശ് തമ്പി തന്റെ കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. പ്രകാശ് തമ്പി കടയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിട്ടില്ല. പൊലീസാണ് ഹാര്‍ഡ് ഡിസ്‌ക് എടുത്തത്. തനിക്ക് പ്രകാശ് തമ്പിയെ അറിയില്ല. ഇയാള്‍ തന്റെ കടയില്‍ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഡിവൈഎസ്പി ഹരികൃഷ്ണന്‍ ആദ്യം വന്ന് മൊഴിയെടുത്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. 30 ദിവസത്തെ ദൃശ്യങ്ങളാണ് ഉണ്ടാവുകയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ തിരിച്ചെടുത്തോളുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. അപകടമുണ്ടായ അന്ന് രാത്രി രണ്ട് മണിക്ക് ശേഷമാണ് ബാലഭാസ്‌കര്‍ കടയിലെത്തിയത്. ബാലഭാസ്‌കറിനെ തനിക്ക് അറിയില്ലായിരുന്നു. നീല കാറില്‍ എത്തിയ ബര്‍മുഡ ധരിച്ച ഒരാളാണ് ഇറങ്ങിയത്.
താനുറങ്ങുമ്പോഴാണ് വന്നത്. എണീറ്റുവന്ന് ജ്യൂസ് നല്‍കി. ഭാര്യയ്ക്ക് ജ്യൂസ് വേണ്ടേയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മൂന്ന് നാല് ദിവസമായി യാത്രയിലായതിനാല്‍ ഭാര്യ ക്ഷീണിതയായി ഉറങ്ങുകയാണെന്നും അവര്‍ക്ക് വേണ്ടെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞത്. ജ്യൂസ് കഴിച്ച് ഇറങ്ങിയപ്പോള്‍ താന്‍ തിരിച്ച് ഉറങ്ങാനും പോയി. ഏത് ഡോറിലൂടെയാണ് ബാലഭാസ്‌കര്‍ ഇറങ്ങിയതെന്നോ വാഹനത്തില്‍ കയറിയതെന്നോ താന്‍ കണ്ടിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.