രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപിലെ കവരത്തി പൊലീസ് ടീമിന്റെ റെയ്‌ഡിൽ പ്രതികരിച്ച് സംവിധായിക ഐഷ സുൽത്താന. ഐഷ സുൽത്താനയുടെ കൊച്ചി കാക്കനാടുള്ള ഫ്‌ളാറ്റിലായിരുന്നു പോലീസിന്റെ റെയ്‌ഡും ചോദ്യം ചെയ്യലും. തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസ് റെയ്‌ഡും ചോദ്യം ചെയ്യല്ലെന്നും ചിലരുടെയൊക്കെ താത്പര്യങ്ങളാണ് ഇതിന് പിന്നില്ലെന്നും ഐഷ പ്രതികരിച്ചു. രാജ്യദ്രോഹക്കേസില്‍ പോലീസ് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഷ സുൽത്താന. പരിശോധനയും ചോദ്യംചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
ഉച്ചയ്ക്ക് 2.45ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷ സുല്‍ത്താനയുടെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ എത്തിയത്. അഞ്ചുമണി വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ആയിഷ സുല്‍ത്താനയുടെ സഹോദരന്റെ ലാപ്‌ടോപ്പ്, ബാങ്ക് രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു.
ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിന്മേലാണ് രാജ്യദ്രോഹക്കേസ് ചുമത്തിയത് . വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും അയിഷ സുല്‍ത്താന ആരോപിച്ചിരുന്നു.