നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും കോട്ടോ, അതും കൂടി പരിഗണിക്കണം
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ച ഐഷ സുല്‍ത്താനക്കെതിരെ വിദ്വേഷ പ്രചരണത്തിന് ബിജെപി ശ്രമം നടത്തുന്നത് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയും ദ്വീപ് ബിജെപി വൈസ് പ്രസിഡന്റ് കെ.പി മുത്തുക്കോയയും തമ്മില്‍ സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.
ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം
കെ.പി മുത്തുക്കോയ (ബിജെപി ദ്വീപ് വൈസ് പ്രസിഡന്റ്)
ബഹുമാനപ്പെട്ട് പ്രഭാരി സര്‍, ഒരു കാര്യം ഇവിടെ ശ്രദ്ധിക്കണം. അള്ളാഹു നമ്മുക്ക് തന്ന അവസരമാണ്, ദ്വീപിന്റെ സംസ്‌കാരം എന്ന് പറഞ്ഞ് കാണിച്ചത് ആരെയാണ്. എന്താണ് ലക്ഷദ്വീപിന്റെ സംസ്‌കാരമെന്ന് നമ്മുക്ക് തെളിയിക്കാനുള്ള ഒരു അവസരമാണ്. മാധ്യമങ്ങളില്‍ തെളിയിച്ച് കൊടുക്കാനുള്ളത്. ആരാണ് ഈ സുല്‍ത്താന. ഞാന്‍ പണ്ടേ പറഞ്ഞതാണ്. നമ്മുടെ ദ്വീപുമായി ബന്ധമില്ലാത്ത ആളാണ് അള്ളാ തന്നൊരു സന്ദര്‍ഭമാണ്. സത്യം പുറംലോകത്ത് അറിയിക്കാന്‍. വിഷയം നമ്മള്‍ ഗൗരവപൂര്‍വം എടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു
അബ്ദുള്ളക്കുട്ടിയുടെ ഓഡിയോ
നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും കോട്ടോ, അതും കൂടി പരിഗണിക്കണം. ഒരു രണ്ടോ മൂന്നോ വീഡിയോ ഇങ്ങോട്ടയച്ചാല്‍ മതി. നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.
ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും
ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന. ''കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും'' ഇതാണ് ഐഷ സുല്‍ത്താനയുടെ പ്രതികരണം.
കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്, ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഭയമാണെന്നും ഐഷ സുല്‍ത്താന. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നിലപാടിനെതിരെ തുടക്കം മുതല്‍ പ്രതിഷേധവുമായി സജീവമാണ് ഐഷ സുല്‍ത്താന.
മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെല്‍ ജെവായുധം (ബയോവെപ്പണ്‍) എന്ന നിലക്കാണെന്ന് പരാമര്‍ശിച്ചതാണ് വിവാദമായത്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷ പറഞ്ഞത്.
ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിന്മേല്‍ കവരത്തി പോലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 124 എ , 153 എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.