എസ്എഫ്ഐ നേതാക്കള്‍ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എഐഎസ്എഫ് ജോയിന്‍ സെക്രട്ടറി നിമിഷ രാജ്. എം.ജി സര്‍വകലാശാലയില്‍ സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷമുണ്ടായത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും, തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് നിമിഷ രാജ് കോട്ടയം ജില്ലാ സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ എ.എ.സഹദിനെ മര്‍ദിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എസ്എഫ് ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിട്ട് അധിക്ഷേപിച്ചെന്നും പരാതിയില്‍ ഉണ്ട്.
കേട്ടാല്‍ അറക്കുന്ന തെറിവിളിച്ച് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് എസ്എഫ്‌ഐ നേതാക്കള്‍ ചെയ്തതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നിമിഷ രാജ് പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയധികം അപമാനിക്കപ്പെടുന്നതെന്നും നിമിഷ പറഞ്ഞു.
സംഘര്‍ഷത്തിനിടെ പൊലീസ് മധ്യത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 'ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്എഫ്‌ഐയുടെ ജനാധിപത്യം? എന്ത് ജനാധിപത്യമാണ് ഇവന്മാര്‍ക്കുള്ളത് ? ആദ്യം ജനാധിപത്യമെന്ന് എഴുതിപ്പഠിക്ക്, ആര്‍എസ്എസുകാരാവല്ലേടാ', എന്ന് എസ്എഫ്ഐ നേതാക്കളോട് രോഷത്തോടെ പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ ഉണ്ടായിരുന്നു.
അതേസമയം കെഎസ്‌യു-മായി ധാരണയുണ്ടാക്കിയ എഐഎസ്എഫ് പ്രവര്‍ത്തകരാണ് കാമ്പസില്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.