കേരളത്തില്‍ പൊലീസ് രാജ്; വിമര്‍ശനവുമായി എ.ഐ.എസ്.എഫ്

കേരളത്തില്‍ പൊലീസ് രാജ്;  വിമര്‍ശനവുമായി എ.ഐ.എസ്.എഫ്
Published on

കേരളത്തില്‍ പൊലീസ് രാജെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു. മോഫിയയുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എ.ഐ.എസ്.എഫ് വ്യക്തമാക്കി.

സി.ഐയ്ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്.പി ഓഫീസില്‍ മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് 17 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തത്. എസ്.പിക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളടങ്ങുന്ന സംഘം പരാതി കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

മോഫിയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തങ്ങളെ പ്രകോപനമൊന്നും കൂടാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അസര്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മോഫിയയുടെ ആലുവയിലെ വീട്ടില്‍ വെള്ളിയാഴ്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എത്തിയിരുന്നു.

പി.രാജീവ് പറഞ്ഞത്

കുടുംബാംഗങ്ങളുമായി നേരത്തെ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ടു തന്നെ കുടുംബവുമായി സംസാരിക്കുകയുണ്ടായി. കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ നേരിട്ട് തന്നെ മുഖ്യമന്ത്രി ബന്ധപ്പെടാമെന്ന് പറയുകയുണ്ടായി.

ഈ കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സി.ഐ.യുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരോട് അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ല.

കേസില്‍ വ്യാഴാഴ്ച പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഭര്‍തൃവീട്ടില്‍ മോഫി നേരിട്ടത് ക്രൂര പീഡനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ പല തവണ മുറിവേല്‍പ്പിച്ചിരുന്നു. സ്ത്രീധനമായി സുഹൈലിന്റെ കുടുംബം 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in