‘മറവി രോഗമുള്ളയാളിനെങ്ങനെ പ്രധാന ചുമതല ‘; ശ്രീറാം ആരോഗ്യവകുപ്പില്‍ നിയമനം നേടിയത് കേസ് അട്ടിമറിക്കാനെന്ന് കെഎം ബഷീറിന്റെ കുടുംബം
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബം. മറവി രോഗമുണ്ടെന്ന് സ്വയം സമ്മതിച്ച ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ പ്രധാന ചുമതലയില്‍ നിയമിക്കുന്നതെങ്ങനെയെന്ന് സഹോദരന്‍ കെ അബ്ദുറഹ്മാന്‍ ചോദിച്ചു. സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പില്‍ തന്നെ നിയമനം നേടിയത്. സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തതില്‍ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദമുണ്ടാകാമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
2019 ഓഗസ്റ്റ് 3 ന് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസമാണ് ഡോക്ടര്‍ കൂടിയായ ശ്രീറാമിന് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജനുവരിയില്‍ ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ മൂന്ന് മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് നിയമനമെന്ന ന്യായീകരണത്തോടെ സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.