തമിഴ്‌നാട്ടിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ ഹോസ്റ്റലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തിരുവള്ളൂര്‍ ജില്ലയിലെ കിലാച്ചേരിയിലുള്ള സേക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹോസ്റ്റലിലാണ് തിങ്കളാഴ്ച്ച 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാരണങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല എന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡി.ഐ.ജി സത്യ പ്രിയ, തിരുവള്ളൂര്‍ എസ്.പി സെഫസ് കല്യാണ്‍ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു അന്വേഷണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ കേസ് സി.ബി-സി.ഐ.ഡിക്ക് കൈമാറി.
പെണ്‍കുട്ടി മരിച്ചതറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി റോഡ് ഉപരോധിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്‌കൂള്‍ പ്രദേശശത്ത് നിയോഗിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇത്രയും തീവ്രമായ തീരുമാനം എടുത്തതെന്ന് വ്യക്തമല്ല എന്നും സഹപാഠികളെയും സുഹൃത്തുക്കളെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തെക്കലൂര്‍ ഗ്രാമ സ്വദേശിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഫോണിലൂടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി സംസാരിച്ചിരുന്നു എന്നും തിങ്കളാഴ്ച്ച രാവിലെ അസ്വസ്ഥയായിരുന്നു എന്നും പ്രാഥമിക റിപോര്‍ട്ടുകള്‍.
ജൂലായ് 13 ന് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതിഷേധത്തില്‍ പിന്നീട് സ്‌കൂളിന് നേരേ വന്‍ ആക്രമണവുമുണ്ടായി. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)