'കുറ്റക്കാരനായി ഫ്രെയിം ചെയ്യാനായിരുന്നില്ല ഉദ്ദേശം' ; ക്ഷമ ചോദിച്ച് അഹാന കൃഷ്ണ

'കുറ്റക്കാരനായി ഫ്രെയിം ചെയ്യാനായിരുന്നില്ല ഉദ്ദേശം' ; ക്ഷമ ചോദിച്ച് അഹാന കൃഷ്ണ

Published on

വിവാദ കമന്റില്‍ മാപ്പുപറഞ്ഞ് നടി അഹാന കൃഷ്ണ. മിസ്ഹാബ് മുസ്തഫയെന്നയാളെ സൈബര്‍ ബുള്ളിയായി അവതരിപ്പിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം. തന്റെ പോസ്റ്റ് ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന് അഹാന സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. 'ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല ഉദ്ദേശം. എന്റെ പോസ്റ്റിനുതാഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു-അഹാന കുറിച്ചു.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത്‌ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ മിസ്ഹാബ് മുസ്തഫ കമന്റിട്ടിരുന്നു. 'കുറച്ചുനാള്‍ മുന്‍പ് സര്‍ക്കാര്‍ കൊവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് നിങ്ങള്‍ പറഞ്ഞത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്ത് മറയ്ക്കാനാണെന്നും പറഞ്ഞു. ഇപ്പോള്‍ പറയുന്നു. കൊവിഡ് അതിവേഗം പടരുന്നുവെന്നും സമൂഹ വ്യാപനം ഉണ്ടാകുന്നുവെന്നും. അതിനെതിരെ സര്‍ക്കാരിനായി താങ്കള്‍ ഒരു വീഡിയോയും ചെയ്തു. സൈബര്‍ ബുള്ളീയിങ്ങിനെതിരായ നിങ്ങളുടെ വീഡിയോ നന്നായിരുന്നു. നിങ്ങള്‍ അത്രയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷേ ലോക്ഡൗണ്‍ സംബന്ധിച്ചുള്ള തെറ്റായ പരാമര്‍ശമാണ് അതിനുകാരണം. തെറ്റ് മറച്ചുപിടിക്കുന്നതിന് പകരം എന്തുകൊണ്ട് അംഗീകരിച്ചുകൂട'.

എന്നാല്‍ അതില്‍ നിന്നുള്ള ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി അഹാന മറുപടിയായി ഇങ്ങനെ ചോദിച്ചു. 'ഫെയ്‌സ്ബുക്കില്‍ ഒരാള്‍ ഇട്ട കമന്റാണിത്. ഞാന്‍ ആക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതുകൊണ്ടാണ് എന്നാണ് ഈ സാര്‍ പറയുന്നത്. സര്‍, പക്ഷേ ഞാന്‍ ഒരു കാര്യം ചോദിക്കട്ടേ താങ്കളുടെ ഈ വാദം, അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതുകൊണ്ടാണ് എന്ന് പറയും പോലെ തന്നെയല്ലേ'.

എന്നാല്‍ രൂക്ഷ മറുപടിയുമായി മിസ്ബാബ് മുസ്തഫയെത്തി. സൈബര്‍ ബുള്ളീയിങ്ങിനെതിരെ പോരാടിയ അതേ ആള്‍ തന്റെ കമന്റ് എടുത്ത് പകുതി ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്‌സിന് മുന്നില്‍, തന്നെ ഒരു ബുള്ളിയാക്കി എന്നായിരുന്നു മറുപടി. നടിയെന്ന നിലയില്‍ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ സ്വീകരിക്കാനുള്ള പക്വത അവര്‍ കാണിക്കേണ്ടതുണ്ട്. ഞാന്‍ അവരെ കമന്റില്‍ ആക്രമിക്കുകയോ അങ്ങനെ ചെയ്യുന്നവരെ ഒരു തരത്തിലും ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ എന്തിനെതിരെയാണോ അവര്‍ പോരാടുന്നത് അത് തന്നെയാണ് അവര്‍ തന്നോട് ചെയ്യുന്നതെന്നും മിസ്ഹാബ് കുറിച്ചു.

അഹാനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരുപാട് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.

ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചത്, അതില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഒരു വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്‌തെടുക്കാന്‍ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്.

മുകളില്‍ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്‌സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈല്‍സ്റ്റോണുകളും നമ്മള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും കരുതലുമാണ്‌ എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ.

logo
The Cue
www.thecue.in