കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ കാര്‍ഷിക ശാസ്ത്രജ്ഞന്‍. ഡോ.വരീന്ദര്‍പാല്‍ സിങാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. ദേശവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രധാന ശാസ്ത്രജ്ഞനാണ് ഡോ. വരീന്ദ്രര്‍പാല്‍ സിങ്. കാര്‍ഷികമേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി അവാര്‍ഡിന് തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ വരീന്ദര്‍ സിങിന്റെ പേര് വിളിക്കുകയും, വേദിയിലെത്തിയ അദ്ദേഹം അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ നിമിഷം ഈ അവാര്‍ഡ് സ്വീകരിച്ചാല്‍ ഞാന്‍ കുറ്റക്കാരനാണെന്ന് എനിക്ക് തോന്നും. ആര്‍ക്കെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവാര്‍ഡ് നിരസിക്കേണ്ടി വന്ന സാഹചര്യം വിവരിച്ച് വരീന്ദര്‍പാല്‍ സിങ് പിന്നീട് കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി. കര്‍ഷകര്‍ അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായാണ് റോഡിലിറങ്ങിയിരിക്കുന്നതെന്നും, രാജ്യവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവരുടെ ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കാതിരിക്കുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും കത്തില്‍ പറയുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വരീന്ദര്‍പാല്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്ത് നല്‍കിയിട്ടുണ്ട്.