അഗ്നിപഥ്; പ്രതിഷേധം കനക്കുന്നതിനിടെ വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, ആദ്യഘട്ട രജിസ്ട്രേഷന്‍ ജൂലൈ മുതല്‍

അഗ്നിപഥ്; പ്രതിഷേധം കനക്കുന്നതിനിടെ വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, ആദ്യഘട്ട രജിസ്ട്രേഷന്‍ ജൂലൈ മുതല്‍
Published on

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന. റിക്രൂട്ട്മെന്റ് റാലിക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്ന് വിജ്ഞാപനത്തില്‍ സൈന്യം അറിയിച്ചു. മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ആദ്യവര്‍ഷം, മൂന്ന് സേനകളിലേക്കുമായി 45,000 അഗ്നിവീരന്മാരെ നിയമിക്കാനാണ് പദ്ധതി. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായ സാധ്യതാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിവീരന്‍മാര്‍ക്കും ലഭിക്കും. സേവന വ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

വേതന വ്യവസ്ഥകള്‍ നിലവിലുള്ളതിനെക്കാള്‍ മികച്ചതാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരന്‍മാര്‍ക്ക് പൊലീസ് സേനയില്‍ നിയമനം നല്‍കുമെന്ന് ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളോടും ഇക്കാര്യം അഭ്യര്‍ഥിക്കുമെന്ന് സൈനിക കാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി വ്യക്തമാക്കി. സൈന്യത്തിന്റെ ശരാശരി പ്രായം കുറയ്ക്കണമെന്നത് കാര്‍ഗില്‍ അവലോകന സമിതിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്ന് ലെഫ്. ജനറല്‍ പുരി പറഞ്ഞു.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രതിഷേധക്കാര്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്നും ലെഫ്. ജനറല്‍ അനില്‍ പുരി വ്യക്തമാക്കി. നിയമനത്തിനായി അക്രമങ്ങളില്‍ പങ്കെടുത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാ പത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം.

Related Stories

No stories found.
logo
The Cue
www.thecue.in