അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും, സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ തീയിട്ടു; പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം

അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും, സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ തീയിട്ടു; പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം
Published on

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധിച്ചെത്തിയവര്‍ സ്റ്റേഷനകത്തെ ഓഫീസുകളിലേക്കും ട്രെയിനിനകത്തേക്കും കല്ലേറു നടത്തി. ട്രെയിനിന് തീവെക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളും മരം കൊണ്ട് നിര്‍മിച്ച ബോക്‌സുകളും ഉപയോഗിച്ച് ട്രാക്കുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളും ലൈറ്റുകളും ഫാനുകളും തകര്‍ക്കുകയും ചെയ്തു.

നാല് വര്‍ഷത്തേക്കായി നടത്തുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നൂറ് കണക്കിന് പ്രതിഷേധക്കാരാണ് രാവിലെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ പത്ത് പേര്‍ക്കെങ്കിലും വെടിയേറ്റിട്ടുണ്ടാവുമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.

രാജ്യത്ത് പലഭാഗത്തും അഗ്നിപഥിനെതിരെ പ്രതിഷേധം വ്യാപിച്ചിരുന്നെങ്കിലും ദക്ഷിണേന്ത്യയിലേക്ക് എത്തിയിരുന്നില്ല. പദ്ധതി തന്നെ പിന്‍വലിക്കണമെന്നാണ് പ്രതിഷേധിക്കുന്ന യുവാക്കളുടെ ആവശ്യം. പ്രായ പരിധി 21ല്‍ നിന്ന് 23 ആക്കി വര്‍ധിപ്പിക്കാമെന്ന നടപടിയിലേക്ക് കടന്നതല്ലാതെ പദ്ധതി പിന്‍വലിക്കില്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്‌നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17.5 വയസുമതലുള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാവുന്നത്.

നാല് ആഴ്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. അതേസമയം സ്ഥിരനിയമനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in