രക്ഷയില്ല, അഗ്നിപഥില്‍ പ്രതിഷേധം തണുപ്പിക്കാന്‍ കണ്ണില്‍പൊടിയിടാന്‍ കേന്ദ്രം; സംവരണം പ്രഖ്യാപിച്ചു

രക്ഷയില്ല, അഗ്നിപഥില്‍ പ്രതിഷേധം തണുപ്പിക്കാന്‍ കണ്ണില്‍പൊടിയിടാന്‍ കേന്ദ്രം;  സംവരണം പ്രഖ്യാപിച്ചു
Published on

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പുതിയ വാഗ്ദാനങ്ങളുമായി കേന്ദ്രം. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സംവരണം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇവര്‍ക്ക് കേന്ദ്ര സേനയില്‍ പത്ത് ശതമാനം സംവരണത്തോടൊപ്പം അസം റൈഫിള്‍സിലും 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു. ഇതോടൊപ്പം ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസിന്റെ ഇളവും ലഭിക്കും.

അതേസമയം ശക്തമായ പ്രതിഷേധം രാജ്യത്ത് ഉടനീളം പടര്‍ന്നുകൊണ്ടിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധം മന്ത്രാലയം നിര്‍ദേശം നല്‍കി.

സംസ്ഥാനത്തും അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് തമിഴ്‌നാട്ടിലും പദ്ധതിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ബീഹാര്‍, ജമ്മു കശ്മീര്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ലാത്തിചാര്‍ജില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in