‘വേറൊന്നും ചെയ്യാത്തതിന് നന്ദി പറയുകയാണ് വേണ്ടത്’;പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവതിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
പൗരത്വ നിയമത്തെ അനൂകൂലിച്ചുള്ള ബിജെപി റാലിക്കെതിരെ പ്രതിഷേധമുയര്‍ത്തിയതിന്, അണികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവതിയെ അധിക്ഷേപിച്ച് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഞങ്ങളുടെ അണികള്‍ അവളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതല്ലേയുള്ളൂ. മറ്റൊന്നും ചെയ്യാത്തതിന് അവള്‍ തന്റെ ജന്‍മനക്ഷത്രങ്ങളോട് നന്ദി പറയുകയാണ് വേണ്ടതെന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം. കൊല്‍ക്കത്തയിലെ പട്ടൂലിയില്‍ നിന്ന് ബാഗാത ജതിനിലേക്ക് വ്യാഴാഴ്ച ബിജെപി നടത്തിയ റാലിയെ നയിച്ചത് ദിലീപ് ഘോഷായിരുന്നു. റാലി മുന്നേറുന്നതിനിടെ ഒറ്റയാള്‍ പ്രതിഷേധവുമായി യുവതി എത്തി. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന പോസ്റ്ററുമായി നിലയുറപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരക്രമി വെടിയുതിര്‍ത്തതടക്കം മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം.
ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ അവളുടെ കയ്യില്‍ നിന്ന് പോസ്റ്റര്‍ തട്ടിയെടുക്കുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂടാതെ വളഞ്ഞുവെച്ച് ചോദ്യം ചെയ്തു. കയ്യേറ്റത്തിന് മുതിര്‍ന്നതോടെ പൊലീസ് എത്തിയാണ് അവരെ മോചിപ്പിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ദിലീപ് ഘോഷില്‍ നിന്ന് അധിക്ഷേപ പരാമര്‍ശമുണ്ടായത്. ഞങ്ങളുടെ ആളുകള്‍ മറ്റൊന്നും ചെയ്യാത്തതില്‍ അവള്‍ നന്ദി പറയുകയാണ് വേണ്ടത്. എന്തിനാണ് പ്രതിഷേധക്കാര്‍ എപ്പോഴും ഞങ്ങളുടെ റാലികള്‍ക്ക് നേരെ വരുന്നത്. അവര്‍ക്ക് മറ്റ് പരിപാടികള്‍ക്ക് പോകാമല്ലോ. ഞങ്ങള്‍ ഏറെ ക്ഷമിച്ചുകഴിഞ്ഞു. എന്നാല്‍ ഇനിമേല്‍ ഇത്തരം ശല്യം പൊറുക്കാനാകില്ലെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വാദം.
എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും, ബിജെപി ഫാസിസത്തിനെതിരെ പോരാട്ടം തുടരുമെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ ബിജെപി നേതാക്കളുടെ ക്രൂരമനസ്സും ലൈംഗിക വൈകൃത മനോനിലയുമാണ് വെളിപ്പെടുത്തുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഷാമിക് ലാഹിരി പറഞ്ഞു. ദിലീപ് ഘോഷ് പരസ്യമായി മാപ്പുപറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനോജ് ചക്രബര്‍ത്തിയും ആവശ്യപ്പെട്ടു. നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാവാണ് ദിലീപ് ഘോഷ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണമെന്ന് ഇദ്ദേഹം മുന്‍പ് പരാമര്‍ശിച്ചിരുന്നു.