പെര്‍മിറ്റ് റദ്ദാക്കാതെ ‘കല്ലടയില്‍’ അടയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന് രോഷത്തില്‍ ഞെട്ടിയുണരല്‍
ഏപ്രില്‍ 20 ന് രാത്രിയിലാണ് ബാംഗ്ലൂരിലേക്കുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സുരേഷ് കല്ലട ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് എറണാകുളം നഗരത്തിലിട്ട് വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ബസ്സിന്റെ പേര്‍മിറ്റ് റദ്ദാക്കിയിട്ടില്ല. എന്നാല്‍ ഈ രണ്ട് മാസത്തിനിടെ കല്ലടയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. എന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് കൈയ്യും കെട്ടി നിന്നു. ഏറ്റവുമൊടുവില്‍ ഒരു യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്ന് പീഡനശ്രമമുണ്ടായി. വാഹനം അശ്രദ്ധമായോടിച്ച് മറ്റൊരു ബസ്സിലെ യാത്രക്കാരന്റെ തുടയെല്ലൊടിച്ചെന്നും പരാതി ഉയര്‍ന്നു. പഴയ പരാതിയില്‍ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ലെന്ന വിവരം ഇതിന് പിന്നാലെയാണ് പുറത്താകുന്നത്.
കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പൂഴ്ത്തിയ ഫയല്‍ തിടുക്കത്തില്‍ പുറത്തെടുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്ന് ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് വിവരം. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം ആര്‍ടിഒ സുരേഷ് കല്ലടയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കാന്‍ ഇരിങ്ങാലക്കുട ആര്‍ടിഒയോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ തൃശൂര്‍ ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഫയലില്‍ അടയിരുന്നത്.
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സസ്‌പെന്‍ഷനിലാണെന്നും ഈ ചുമതല വഹിക്കുന്ന എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് തിരക്കായതിനാലുമാണ് യോഗം വൈകുന്നതെന്നാണ് തൊടുന്യായം. നടപടി വൈകുന്നത് ഗുരുതര വീഴ്ചയാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് തന്നെ സമ്മതിക്കേണ്ടി വന്നു. പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ട് മാസം കഴിഞ്ഞിട്ടും പെര്‍മിറ്റ് റദ്ദാക്കാത്തത് ഗുരുതര വീഴ്ചയാണ്. വിഷയത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. കല്ലട ബസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും യാത്രക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.