മരണ ശേഷം മാധ്യമ സ്ഥാപനങ്ങൾ മൂത്തമകന്; റുപർട്ട് മർഡോക് മക്കളുമായി നിയമപോരാട്ടത്തിൽ

മരണ ശേഷം മാധ്യമ സ്ഥാപനങ്ങൾ മൂത്തമകന്; റുപർട്ട് മർഡോക് മക്കളുമായി നിയമപോരാട്ടത്തിൽ
Published on

ഓസ്‌ട്രേലിയൻ-അമേരിക്കൻ വ്യവസായി റുപർട്ട് മർഡോക് തന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾ തന്റെ കാല ശേഷം മകൻ ലാച്ചലൻ മർഡോക്കിന് കൈമാറാനായി നിയമനടപടി സ്വീകരിക്കുന്നു. റുപർട്ട് മർഡോക്കിന്റെ കുടുംബ ട്രസ്റ്റിന്റെ നിയമപ്രകാരം മക്കളായ ലാച്ചലൻ മർഡോക്ക്, ജെയിംസ്, എലിസബത്ത്, പ്രുഡൻസ് എന്നിവർക്ക് കമ്പനിയുടെ നടത്തിപ്പിൽ ഇടപെടാനുള്ള തുല്യ അവകാശമുണ്ട്. എന്നാൽ തന്റെ എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും നടത്തിപ്പ് അവകാശം മൂത്തമകൻ ലാച്ചലനു തന്നെ കിട്ടണമെന്നാണ് റുപർട്ട് മർഡോക്കിന്റെ ആഗ്രഹം.ഇതിനായാണ് ട്രസ്റ്റിന്റെ രേകഖകളെ മറികടക്കാനായി റുപർട്ട് മർഡോക് നിയമസാധ്യത തേടുന്നത്.ഫോക്സ് ന്യൂസ്, വാൾസ്ട്രീറ്റ് ജേർണൽ, ദ ന്യൂയോർക്ക് പോസ്റ്റ്, ദി ഓസ്‌ട്രേലിയൻ ഉൾപ്പെടയുള്ള മാധ്യമസ്ഥാപനങ്ങളാണ് റുപർട്ട് മർഡോക്കിന്റെ ഉടമസ്ഥയിലുള്ളത്.

93 വയസ്സായ മർഡോക്ക് ഔദ്യോഗിക ചുമതലകളിൽനിന്ന് പിൻമാറിയതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ഫോക്സ് ന്യൂസിന്റെ മാതൃകമ്പനികളായ ഫോക്സ് കോർപറേഷന്റെയും ന്യൂസ് കോർപറേഷന്റെയും നേതൃപദവികൾ ലാച്ചലൻ ഏറ്റെടുത്തിരുന്നു. അമേരിക്കൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ തുറന്നുകാട്ടുന്ന വ്യക്തിയാണ് ലാച്ചലന്റെ സഹോദരൻ ജെയിംസ്. കാലാവസ്ഥ വ്യതിയാനത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഫോക്സ് മീഡിയയുടെ റിപ്പോർട്ടുകളെ ജെയിംസ് തുറന്നുകാണിച്ചിരുന്നു. ഈ നിലപാട് കാരണമാണ്, മാധ്യമസ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ നേതൃത്വത്തിലേക്ക് മൂത്തമകനെ കൊണ്ടുവരാൻ മർഡോക്ക് ശ്രമിക്കുന്നത്.

കുടുംബ ട്രസ്റ്റിനു കീഴിലുള്ള സ്വത്ത് വകകളുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനായി വേണമെങ്കിൽ ട്രസ്റ്റിന്റെ നിയമങ്ങൾ മാറ്റാമെന്നൊരു സാധ്യത മർഡോക്കിനു മുന്നിലുണ്ട്. ജോർജ് ബുഷും ഡൊണാൾഡ് ട്രംപും അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന കാലത്ത് അറ്റോർണി ജനറൽ ആയിരുന്ന വില്യം ബാറാണ് ട്രസ്റ്റിന്റെ നിയമം മാറ്റിയെഴുതുന്നതിന് മർഡോക്കിന് നിയമസഹായം നൽകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in