എന്‍.ഡി.ടി.വിയ്ക്ക് പിന്നാലെ എ.സി.സി, അംബുജ സിമന്റ് കമ്പനികളുടെ ഓഹരി വാങ്ങാന്‍ അദാനി ഗ്രൂപ്പ്

എന്‍.ഡി.ടി.വിയ്ക്ക് പിന്നാലെ എ.സി.സി, അംബുജ സിമന്റ് കമ്പനികളുടെ ഓഹരി വാങ്ങാന്‍ അദാനി ഗ്രൂപ്പ്
Published on

സിമന്റ് കമ്പനികളായ എ.സി.സി ലിമിറ്റഡും അംബുജ സിമന്റ്‌സും ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്. 31,000 കോടി ഓപ്പണ്‍ ഓഫര്‍ ആണ് കമ്പനികളുടെ 26 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ആദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എ.സി.സിയും അംബുജയും. ഹോള്‍സിമിന്റെ ഇന്ത്യയിലെ ബിസിനസുകളുടെ സ്റ്റേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ ആദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

അംബുജ സിമന്റ്‌സിന്റെ 63.1 ശതമാനവും എ.സി.സിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഓഫറിന് സെബിയുടെ അനുമതി അദാനിക്ക് ലഭിച്ചത്.

ഇരു കമ്പനികള്‍ക്കുമായി നിലവില്‍ പ്രതിവര്‍ഷം 70 ദശലക്ഷം ടണ്‍ സ്ഥാപിത ഉത്പാദനശേഷിയുണ്ട്. രണ്ട് കമ്പനികള്‍ക്കുമായി 23 സിമന്റ് പ്ലാന്റുകള്‍, 14 ഗ്രൈന്‍ഡിംഗ് സ്റ്റേഷനുകള്‍, 80 റെഡി മിക്‌സ് കോണ്‍ഗ്രീറ്റ് പ്ലാന്റുകള്‍, 50,000ലധികം വിതരണക്കാര്‍ എന്നിവയാണുള്ളത്. അതായത് ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാണെന്ന് ചുരുക്കം. എ.സി.സിയുടെ ഓഹരി 2,283.15 രൂപയ്ക്കും അംബുജയുടെ ഓഹരി 397.10 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.

ദേശീയ മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി വാങ്ങിയത് വിവാദമായിരുന്നു. സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും അറിയാതെയാണ് ഓഹരി വാങ്ങിയതെന്ന് എന്‍.ഡി.ടി.വി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in