പരസ്യം ഹിന്ദുക്കളെ അപമാനിച്ചെന്ന് വ്യാഖ്യാനം; റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ ക്യാംപെയ്ന്‍

പരസ്യം ഹിന്ദുക്കളെ അപമാനിച്ചെന്ന് വ്യാഖ്യാനം; റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ ക്യാംപെയ്ന്‍

Published on

ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് ചായപ്പൊടി ബ്രാന്‍ഡായ റെഡ് ലേബലിനെതിരെ ക്യാംപെയ്ന്‍. ഒരു വര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി ചെയ്ത പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. റെഡ് ലേബല്‍ ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി ബോയ്‌കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്ടാഗോടെയുള്ള ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഒരാള്‍ ഗണപതി വിഗ്രഹം വാങ്ങാന്‍ കടയിലെത്തുന്നതാണ് പരസ്യത്തിന്റെ പ്രമേയം. കടക്കാരനോട് സംസാരിക്കുന്നതിനിടെ ബാങ്ക് വിളി മുഴങ്ങുകയും കടയുടമ വെള്ളത്തൊപ്പി ധരിക്കുകയും ചെയ്യുന്നു. ഗണേശരൂപം തയ്യാറാക്കുന്നത് മുസ്ലീമാണെന്ന് മനസിലായ കസ്റ്റമര്‍ ഞെട്ടുന്നു. ഗണപതി വിഗ്രഹം വാങ്ങാതെ പോകാന്‍ തുനിയുന്ന കസ്റ്റമര്‍ക്ക് ഉടമ ഒരു ചായ നല്‍കുന്നു. ഇരുവരും ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ ഇതും ഒരു ആരാധനയാണെന്ന് ഇസ്ലാം മതവിശ്വാസിയായ കടയുടമ പറയുന്നു. തുടര്‍ന്ന് കസ്റ്റമര്‍ ഗണേശ രൂപം വാങ്ങാന്‍ തയ്യാറാകുന്നതുമാണ് പരസ്യത്തിലുള്ളത്. പരസ്യം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

പരസ്യം ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചിലര്‍ വ്യാഖ്യാനിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഹിന്ദുക്കളെ ആരും പഠിപ്പിക്കാന്‍ വരേണ്ട, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് ശേഷിക്കുന്നവര്‍ സമാധാനത്തോടെ കഴിയുന്നത്, ഇനിയൊരിക്കലും റെഡ് ലേബല്‍ ഉപയോഗിക്കരുത് എന്നിങ്ങനെയെല്ലാം പ്രതികരണങ്ങളുണ്ട്. ക്യാംപെയ്‌നെ പരിഹസിച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. എല്ലാവരും പത്ത് പാക്കറ്റ് റെഡ് ലേബല്‍ വാങ്ങി ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്താല്‍ വിശ്വസിക്കാമെന്നാണ് ഒരാളുടെ കമന്റ്.

പരസ്യം ഹിന്ദുക്കളെ അപമാനിച്ചെന്ന് വ്യാഖ്യാനം; റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ ക്യാംപെയ്ന്‍
പ്രദേശവാസികള്‍ക്കും ഫ്രീ പാസില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ ജനകീയ സമരം; വാഹനങ്ങള്‍ കടത്തിവിട്ട് നാട്ടുകാര്‍
logo
The Cue
www.thecue.in