പ്രതിയായ സിഐടിയുക്കാരനെ രക്ഷിക്കാന്‍ ഇപി ജയരാജന്റെ ശ്രമമെന്ന് അടൂര്‍ പ്രകാശ്, ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

പ്രതിയായ സിഐടിയുക്കാരനെ രക്ഷിക്കാന്‍ ഇപി ജയരാജന്റെ ശ്രമമെന്ന് അടൂര്‍ പ്രകാശ്, ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു
Published on

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഘം കൊലപാതകശേഷം തന്നെ വിളിച്ചെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. മന്ത്രി ഇപി ജയരാജനാണ് കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ആരോപണം തെളിയിക്കാന്‍ ഇപി ജയരാജനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ്. സിഐടിയു പ്രവര്‍ത്തകന്‍ കേസില്‍ പ്രതിയാണെന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താനാണ് ഇപി ജയരാജന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അടൂര്‍ പ്രകാശ്.

'വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞ വാക്കുകളെ കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഏതെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനാണ്. അതല്ലാതെ കാടടച്ച് വെടിവച്ച് അതില്‍ നിന്ന് കിട്ടുന്ന നേട്ടം കൊയ്തെടുക്കാന്‍ ജയരാജനെ പോലുള്ളൊരു മുതിര്‍ന്ന നേതാവ് ശ്രമിച്ചത് ശരിയല്ല. കോണ്‍ഗ്രസുകാര്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കുന്ന ആളുകളല്ല. അത്തരത്തിലൊരു ചരിത്രവും കോണ്‍ഗ്രസിനില്ല' ട്വന്റി ഫോര്‍ ചാനലിലാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. പ്രതി സജിത്തിനെയും മറ്റ് പ്രതികളെയും തനിക്ക് അറിയില്ലെന്നും അടൂര്‍ പ്രകാശ്. പലതും മറച്ചുവെയ്ക്കുന്നതിന് കണ്ടുപിടിച്ച പുതിയ അഭ്യാസമാണ് ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലും കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ടെന്നും ഇപി ജയരാജന്‍.

തിരുവോണ ദിനത്തിലാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) ഹഖ് മുഹമ്മദ് (24) എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ ഇതുവരെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിലേറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റതാണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in