അഭിനന്ദന്‍ വര്‍ധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്
പാകിസ്താന്‍ പിടിയില്‍ നിന്ന് മോചിതനായി രാജ്യത്തെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരി. പാക് അതിര്‍ത്തിയില്‍ പ്രത്യാക്രമണം നടത്തുന്നതിനിടയില്‍ വിമാനം തകര്‍ന്നുവീണ് പാക് സേനയുടെ പിടിയിലായിട്ടും ധീരത കൈവിടാതെ തലയുയര്‍ത്തി നിന്ന അഭിനന്ദന്‍ വര്‍ധമാനെ അഭിനന്ദിക്കണമെന്നാണ് കോണ്‍ഗ്രസ് എംപിയുടെ ആവശ്യം.
വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് പുരസ്‌കാരം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് പുരസ്‌കാരം നല്‍കി ആദരിക്കണം, അദ്ദേഹത്തിന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണം.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പാക് യുദ്ധവിമാനത്തെ ചെറുക്കുന്നതിനിടയിലാണ് അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. തുടര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യത്ത് തിരികെ എത്തിച്ചത്.
പാക് പിടിയില്‍ വെച്ച് അഭിനന്ദന്‍ പാക് സൈനികര്‍ക്ക് മറുപടി നല്‍കുന്നതടക്കം കാര്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധീരതയോടെ തലയുയര്‍ത്തി മറുപടി നല്‍കിയ അഭിനന്ദന്‍ സൈന്യവുമായി ബന്ധപ്പെട്ട ഒരു വിവരവും നല്‍കാനാവില്ലെന്ന് പറയുന്നതും ചര്‍ച്ചയായിരുന്നു.
അഭിനന്ദന്റെ 'ഗണ്‍സ്ലിങര്‍ മീശ' അനുകരിച്ച് നിരവധിപേര്‍ മീശയുടെ സ്റ്റൈല്‍ മാറ്റിയിരുന്നു. രാഷ്ട്രപതിയ്ക്ക് നന്ദി അറിയിച്ചുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു സെയില്‍സ്മാനാണെന്ന് കൂടി അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തന്റെ ഉല്പന്നം വിറ്റഴിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.