അതിഥി തൊഴിലാളികളുമായി ഉഷ്മളമായ ബന്ധം സ്ഥാപിക്കണം; പൊലീസിന് എഡിജിപിയുടെ സര്‍ക്കുലര്‍

അതിഥി തൊഴിലാളികളുമായി ഉഷ്മളമായ ബന്ധം സ്ഥാപിക്കണം; പൊലീസിന് എഡിജിപിയുടെ സര്‍ക്കുലര്‍
Published on

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുമായി പൊലീസ് ഊഷ്മളമായ ബന്ധം സ്ഥാപിക്കണമെന്ന് എഡിജിപിയുടെ സര്‍ക്കുലര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കേരളം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

അതിഥി തൊഴിലാളികളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടല്‍ സൗഹൃദപരമാക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

ഡിവൈഎസ്പിമാരും എസ്.എച്ച് ഒമാരും അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാല്‍ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതര തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്യംപുകള്‍ സന്ദര്‍ശിച്ച ശേഷം അതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ഫോമും സര്‍ക്കുലറിനൊപ്പം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in