അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍, സുപ്രീം കോടതി തള്ളിയത്; ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ തള്ളി അദാനി ഗ്രൂപ്പ്

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍, സുപ്രീം കോടതി തള്ളിയത്; ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ തള്ളി അദാനി ഗ്രൂപ്പ്
Published on

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ തള്ളി അദാനി ഗ്രൂപ്പ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും അവ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. വ്യക്തിഗത ലാഭത്തിനായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അവ വസ്തുതകളെ അവഗണിക്കുന്നതും ഇന്ത്യന്‍ നിയമങ്ങളെ അവഹേളിക്കുന്നതുമാണെന്നും പ്രസ്താവനയില്‍ ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ മൗറീഷ്യസിലെയും ബെര്‍മുഡയിലെയും കടലാസ് കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്, ഭര്‍ത്താവ് ധാവല്‍ ബുച്ച് എന്നിവര്‍ക്ക് കോടികളുടെ നിക്ഷേപമുണ്ടെന്നായിരുന്നു ശനിയാഴ്ച ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത്. ഇവര്‍ക്കെതിരായ രേഖകളും ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ടിരുന്നു.

അതേസമയം മാധബി ബുച്ച് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനായാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് അവര്‍ വിശദീകരിച്ചത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി രൂപീകരിച്ച രണ്ട് കടലാസ് കമ്പനികളിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികളിലേക്ക് പണം നിക്ഷേപിക്കുകയും അതിലൂടെ അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തുവെന്നായിരുന്നു 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് ആദ്യം ഉയര്‍ത്തിയ ആരോപണം. ഈ ആരോപണത്തില്‍ സെബി കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ തെളിവുകളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെ കഴിഞ്ഞ ജൂണില്‍ സെബി ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതിനു ശേഷമാണ് സെബി ചെയര്‍പേഴ്‌സണെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സംഭവത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെബി ചെയര്‍പേഴ്‌സണായി മാധബി നിയമിതയായതിനു ശേഷം രണ്ടു തവണ ഗൗതം അദാനി മാധബിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദാനിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലായിരുന്നു ഈ സന്ദര്‍ശനങ്ങളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in