വാര്‍ത്താ ചാനലായ എന്‍ ഡി ടി വിയുടെ 26% അധിക ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫര്‍ നവംബര്‍ 22ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു.ഓഫര്‍ ഡിസംബര്‍ 5 വരെ ഓപ്പണായിരിക്കും.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് അതിന്റെ സബ്‌സിഡിയറി കമ്പിനിയായ വിശ്വപ്രധാന്‍ കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി എന്‍ ഡി ടി വിയുടെ 29.18% ഒഹരി ഏറ്റെടുക്കുമെന്ന് ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രമോട്ടര്‍ കമ്പനിയായ രാധിക റോയി പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡ് (ആർ. ആർ. പി. ആർ) വഴി എന്‍.ഡി.ടി.വി കോഫൗണ്ടേഴ്‌സ് ആയ രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലാണ് ഈ ഓഹരി.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് ഒരു കമ്പിനിയില്‍ 25% ല്‍ അധികം ഓഹരികള്‍ സ്വന്തമാക്കുന്ന ഒരു സ്ഥാപനത്തിന് ടാര്‍ഗെറ്റഡ് കമ്പിനിയുടെ ഓഹരി ഉടമകളിൽ നിന്ന് അവരുടെ ഓഹരികള്‍ നിശ്ചിത വിലയ്ക്ക് വാങ്ങുന്നതിനായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിക്കാനുള്ള അവകാശം ലഭിക്കും.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം എന്‍.ഡി.ടി.വിയില്‍ പൊതു ഓഹരി ഉടമകള്‍ക്ക് 38.55% ഓഹരി ഉണ്ട്. ഓപ്പണ്‍ ഓഫര്‍ ഈ ഷെയറുകള്‍ക്ക് ബാധകമായിരിക്കും.ഓഗസ്റ്റ് 23ന് അദാനി എന്റര്‍പ്രൈസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സ്ഥാപനമായ എ.എം.ജി മീഡിയ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡ് 113.74 കോടി രൂപക്ക് വിശ്വപ്രധാന്‍ കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (വി.സി.പി.എല്‍) 100% ഇക്വിറ്റി ഓഹരികളും വാങ്ങിയിരുന്നു.
2009ല്‍ വി.സി.പി.എല്‍ 403.85 കോടി രൂപ എന്‍.ഡി.ടി.വിക്ക് വായ്പ കൊടുത്തിരുന്നു. വായ്പയുടെ നിബന്ധനകള്‍ അനുസരിച്ച് വി.സി.പി.എല്ലിന് അതിന്റെ വാറണ്ടുകള്‍ വിനിയോഗിക്കാനും വായ്പ തുക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാനുമുള്ള അവകാശവുമുണ്ട്
ഏറ്റെടുക്കല്‍ സംബന്ധിച്ച നോട്ടീസ് രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും സമ്മതമില്ലാതെയാണ് നല്‍കിയതെന്ന് എന്‍.ഡി.ടി.വി നേരത്തെ പറഞ്ഞിരുന്നു. കമ്പനിയുടെ പ്രമോട്ടര്‍മാരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതില്‍ നിന്ന് തടയുന്ന 2020ലെ ഉത്തരവ്, അദാനി ഗ്രൂപ്പിനെ ഓഹരികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് തടയുന്നുണ്ടോ എന്ന് മാര്‍ക്കറ്റ്സ് റെഗുലേറ്ററിൽ നിന്ന് മനസിലാക്കാൻ എൻ.ഡി.ടി.വി, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് കത്ത് അയച്ചിട്ടുണ്ട്.