കൊച്ചിയിലെ ലുലു ഷോപ്പിങ് മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചായിരുന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് പിടിയിലായത്.
അതേസമയം മാപ്പ് ചോദിച്ച പ്രതികളോട് ക്ഷമിക്കുന്നതായി നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതികളുടെ കുടുംബന്റെ വിഷമം കൂടി കണക്കിലെടുത്താണ് മാപ്പു നല്‍കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തന്നെയും കുടുംബത്തെയും പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നതായും നടിയുടെ കുറിപ്പിലുണ്ട്.
ഡിസംബര്‍ 17നാണ് കുടുംബത്തോടൊപ്പം കൊച്ചി ലുലു മാളില്‍ ഷോപ്പിങിനെത്തിയ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിങിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലുലു മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തെങ്കിലും കവാടത്തിലെ രജിസ്റ്ററില്‍ പേരോ വിവരങ്ങളോ ഫോണ്‍ നമ്പരോ ഇവര്‍ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മാളിലുണ്ടായ സംഭവം വിശദീകരിച്ചുകൊണ്ടുള്ള തങ്ങളുടെ വീഡിയോ സന്ദേശം ഞായറാഴ്ച പ്രതികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. മനഃപൂര്‍വം നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും മാധ്യമങ്ങളോട് വിശദീകരിച്ചു. കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞിരുന്നു.