പിണറായി വിജയന്‍  
പിണറായി വിജയന്‍  

നടിയെ ആക്രമിച്ച കേസ് പ്രത്യേക പോക്‌സോ കോടതിയില്‍; കെഎഎസ് മൂന്ന് സ്ട്രീമിലും സംവരണമെന്ന് മന്ത്രിസഭാ തീരുമാനം

Published on

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍ആര്‍കെ (നോണ്‍ റെസിഡെന്‍ഷ്യല്‍ കേരളൈറ്റ്) ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. കമ്പനിയുടെ 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കുമെന്ന് മന്ത്രി സഭായോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്‍ആര്‍കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം. പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പോക്‌സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

പിണറായി വിജയന്‍  
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പിരിക്കാനുള്ളത് 937.48 കോടി; കുടിശ്ശിക പിരിക്കാതെ ജനങ്ങളെ ഷോക്കടിപ്പിച്ച് കെഎസ്ഇബി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ചു. നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു.

രാജ്കുമാറിന്റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന് നിയമിതനായ റിട്ട. ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ മന്ത്രി സഭായോഗം അംഗീകരിച്ചു. രാജ്കുമാറിന്റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി ഉയര്‍ന്നുവരുന്ന മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനും കമ്മീഷന് അധികാരം ഉണ്ടാകും.

logo
The Cue
www.thecue.in