നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
Published on

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഫൊറന്‍സിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതയില്‍ ഹര്‍ജി നല്‍കിയത്.

മെമ്മറി കാര്‍ഡിലെ ഓരോ ഫയലുകളുടെയും ഫയല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുന്നതിനായി വീണ്ടും മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയാനാണ് വീണ്ടും ഫോറന്‍സിക് പരിശോധന വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.

എന്നാല്‍ കേസില്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

മെമ്മറി കാര്‍ഡ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് 2018 ജനുവരി 09, ഡിസംബര്‍ 13 തീയതികളില്‍ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്നാണ് കണ്ടെത്തിയത്. ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയിരുന്നത്. നേരത്തെ അതിജീവിത ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയിലും മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യുവില്‍ വന്ന മാറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in