ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റ്; അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്

ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റ്; അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്
Published on

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ്. ഫോണ്‍ പിടിച്ചെടുക്കേണ്ട സാഹചര്യമില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിജീവിത ആവശ്യപ്പെട്ടത് പോലെ കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണത്തിന് എതിര്‍പ്പില്ലെന്നും നടിയുടെ ഹര്‍ജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ല്‍ കോടതി ആവശ്യത്തിനല്ലാതെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഹര്‍ജി തളളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. ജഡ്ജിയുടേത് നിയമപരമായി ശരിയല്ലാത്ത മറുപടിയെന്നും സര്‍ക്കാര്‍ കോടതിയില്‍.

അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in