ദൃശ്യം ചോര്‍ന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നു, അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് അതിജീവിത

ദൃശ്യം ചോര്‍ന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നു, അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് അതിജീവിത
Published on

നടന്‍ ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസിലെ പീഡന ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് അതിജീവിത. എറണാകുളം സെഷന്‍കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്ത ആശങ്കാജനകമാണെന്ന് അതിജീവിത കത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി പിണറായി വിജയന്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് അതിജീവത ആവശ്യപ്പെട്ടിരിക്കുന്നത്.

2018 മാര്‍ച്ചിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍ കോടതിയിലേക്ക് അയക്കുന്നത്. 2018 മാര്‍ച്ച് 15 മുതല്‍ 2019 മാര്‍ച്ച് 16 വരെ ഈ ദൃശ്യങ്ങള്‍ എറണാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഈ കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേസില്‍ പ്രതിയായ നടന്‍ ദിലീപ് തന്റെ വീട്ടില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ട വിവരം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ചും അതിജീവിത കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിദേശത്തുള്ളവരും ദൃശ്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കോടതിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് എടുക്കാന്‍ സാധിക്കുന്നു എന്നത് ആശങ്കജനകമാണ്. ഇത് തന്റെ സ്വകാര്യതയെ ഹനിക്കുന്ന കാര്യമാണെന്നും കത്തില്‍ പറയുന്നു.

സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in