നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നാണ് സൂചന.
കോടതി പക്ഷപാതിത്വത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഈ കോടതിയില്‍ നിന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ല. ഇരയ്‌ക്കോ പ്രോസിക്യൂഷനോ നീതി ലഭിക്കില്ല. ഊമക്കത്തുകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനെതിരെ ആരോപണം ഉന്നയിക്കുന്നു. ഇത് തുടരുന്നത് നീത്യനായവ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും പരാതിയില്‍ പറയുന്നു.
തുറന്ന കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഊമക്കത്ത് വായിച്ചു. സാക്ഷികളും പ്രതിഭാഗം അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കോടതിയിലുള്ളപ്പോഴാണിത്. ഇത് കോടതിക്ക് ചേര്‍ന്നതല്ല. ഇക്കാരണങ്ങളാല്‍ കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെടുന്നുവെന്നും പരാതിയില്‍ പറയുന്നു.