അമ്മയുടെ നേതൃയോഗം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. സംഭവത്തില്‍ ഷമ്മിക്കെതിരെ നടപടിയെടുക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ഞായറാഴ്ച അമ്മയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിനിടെ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ദിഖുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.