'അംബേദ്കറെയും പെരിയാറെയും
 മനസിലാക്കൂ' ; പണം വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന് വിജയ്

'അംബേദ്കറെയും പെരിയാറെയും മനസിലാക്കൂ' ; പണം വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന് വിജയ്

Published on

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഫേക്ക് ന്യൂസുകളില്‍ പലതിലും ഹിഡണ്‍ അജണ്ടകളുണ്ടെന്നും അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണമെന്നും നടന്‍ വിജയ്. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അതിന് പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. നമ്മുടെ നേതാക്കളെക്കുറിച്ച് അംബേദ്കറെക്കുറിച്ചും, പെരിയാറെക്കുറിച്ചും, കാമരാജെക്കുറിച്ചും മനസിലാക്കണമെന്നും പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്നും വിജയ് പറഞ്ഞു.

പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന്‍ വിജയ്യുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിപ്പിച്ച സമ്മേളനത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയായിരുന്നു വിജയ്യുടെ പ്രതികരണം.

അടുത്ത നേതാക്കളെ തെരഞ്ഞെടുക്കേണ്ടവരാണ് നിങ്ങള്‍. ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ വിരല്‍ വെച്ച് നമ്മുടെ തന്നെ കണ്ണില്‍ കുത്തുക എന്ന് പറയുന്നത് പോലെയാണെന്നും വിജയ് പറഞ്ഞു.

ഒരു വോട്ടിന് 1000 രൂപ വെച്ച് കൊടുക്കുന്നവര്‍, ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ, നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്, നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും.

വിജയ്

നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെയും വിജയ് മക്കള്‍ ഇയക്കം പരിപാടിയില്‍ എത്തിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in