വിജയ് സേതുപതി
വിജയ് സേതുപതി

‘കശ്മീരികളെയോര്‍ത്ത് വേദന’; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജനാധിപത്യവിരുദ്ധമെന്ന് വിജയ് സേതുപതി

Published on

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ് നടന്‍ വിജയ് സേതുപതി. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കരുത്. കശ്മീരികളുടെ പ്രശ്‌നങ്ങളില്‍ അവര്‍ തന്നെ തീരുമാനമെടുക്കണമെന്ന് പെരിയാര്‍ (തമിഴ് നവോത്ഥാനനായകന്‍, ചിന്തകന്‍) പറഞ്ഞിട്ടുണ്ടെന്നും മക്കള്‍ ശെല്‍വന്‍ പറഞ്ഞു. എസ്ബിഎസ് തമിള്‍ ഓസ്‌ട്രേലിയ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ജനാതിപത്യത്തിന് എതിരാണത്. കശ്മീരികളുടെ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്ന് പെരിയാര്‍ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ എനിക്ക് കഴിയുമോ? അവിടെ ജീവിക്കുന്നത് നിങ്ങളാണ്.

വിജയ് സേതുപതി

എനിക്ക് നിങ്ങളുടെ കാര്യത്തില്‍ കരുതലുണ്ടാകാം. പക്ഷെ എന്റെ തീരുമാനങ്ങള്‍ നിങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ കഴിയില്ല. അത് രണ്ടും രണ്ടാണ്. കശ്മീരിനേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ച് ഏറെ വേദന തോന്നി. കശമീരിന് പുറത്തുള്ളവര്‍ക്ക് അവരുടെ കാര്യത്തില്‍ താല്‍പര്യമുണ്ടാകാം. പക്ഷെ അവരുടെ പ്രശ്‌നത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിജയ് സേതുപതി ആവര്‍ത്തിച്ചു.

വിജയ് സേതുപതി
‘ദുരന്തത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ച’; മാധവ് ഗാഡ്ഗില്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പുകഴ്ത്തി രജനീകാന്ത് രംഗത്ത് എത്തിയതിന് പിന്നാലെയാണ് സേതുപതിയുടെ പ്രതികരണം. മോഡിയും അമിത്ഷായും ഭഗവത്ഗീതയിലെ കൃഷ്ണാര്‍ജുന്‍മാരാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. റദ്ദാക്കല്‍ നടപടി ഭയപ്പെടുത്തുന്നതാണെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായി. മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭീഷണിയുണ്ടായതിനേത്തുടര്‍ന്ന് അനുരാഗ് കശ്യപിന് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കേണ്ടി വന്നു.

വിജയ് സേതുപതി
‘നാളെത്തെ ഇര നമ്മളായിരിക്കും’; ഭീഷണിയേത്തുടര്‍ന്ന് ട്വിറ്റര്‍ വിടേണ്ടി വന്ന അനുരാഗ് കശ്യപിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
logo
The Cue
www.thecue.in