സിനിമയിൽ ഉള്ള ആളുകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല എന്ന് നടി ഉഷ ഹസീന 1992 ൽ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. തനിക്ക് നല്ല അനുഭവങ്ങളല്ല സിനിമയിൽ നിന്നും ഉണ്ടായിട്ടുള്ളത് എന്നും, വരാനിരിക്കുന്ന കുട്ടികൾ ശ്രദ്ധിക്കണം എന്നും ഉഷ വീഡിയോയിൽ പറയുന്നു. ഇവിടെയുള്ളത് മാഫിയ സംഘം എന്ന് വേണമെങ്കിൽ പറയാം എന്നും എവിഎം ഉണ്ണി ആർക്കൈവ്‌സിന് 1992 നൽകിയ അഭിമുഖത്തിൽ നടി പറയുന്നു. പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. താൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി എന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും എന്താണ് പ്രതികരിക്കാൻ മുന്നോട്ടുവരാത്തതെന്ന് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഉഷ ഹസീന പറഞ്ഞത്;
എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഇനി വരാൻ പോകുന്ന കുട്ടികളോട്, ഇപ്പോൾ ഉള്ള അപകടങ്ങൾ ഒന്നും പറ്റാത്ത കുട്ടികളോടും എനിക്ക് പറയാനുള്ളത്, സിനിമയിൽ ഉള്ള ആളുകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. ഇവിടെയുള്ളത് മാഫിയ സംഘം എന്ന് വേണമെങ്കിൽ പറയാം. സിനിമാ ലോകം ബർമുഡ ട്രയാംഗിൾ ആണെന്നും വീഡിയോയിൽ ഉഷ പറയുന്നു. എനിക്ക് അപകടം പറ്റി, അതിനെ അനുഭവത്തിൽ ഞാൻ പറയുകയാണ്, മറ്റുള്ള കുട്ടികൾ ശ്രദ്ധിക്കണം.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാട് സ്ത്രീകളാണ് മുന്നോട്ട് വരുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും സംവിധായകൻ രഞ്ജിത്ത് രാജി വയ്ക്കുകയുണ്ടായി. മറ്റൊരു യുവനടിയുടെ പരാതിയിന്മേൽ നടൻ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ച്ചു.