കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അത്യാവശ്യമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. സില്‍വര്‍ ലൈന്‍ പദ്ധതി വന്നില്ലെങ്കില്‍ ആരും മരിച്ചൊന്നും പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടു മതി പദ്ധതി നടപ്പാക്കാനെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നതെന്നും സംസ്ഥാനത്തെ ഭാവി വികസന പ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.
ശ്രീനിവാസന്റെ വാക്കുകള്‍
ഭക്ഷണം പാര്‍പ്പിടം തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഇനിയും നടപ്പാക്കാനുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അതിവേഗ റെയില്‍ നടപ്പാക്കുന്നത്. കടം വേടിച്ചിട്ടേ ഈ പദ്ധതി നടപ്പാക്കാനാകൂ, പിന്നീട് കടം കിട്ടാതാകും.
കോണ്‍ഗ്രസ് അവര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് തന്നെ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചെന്നാണ് അറിഞ്ഞത്. ഇപ്പോള്‍ ഭരണത്തിലില്ലാത്തതുകൊണ്ടായിരിക്കുമോ ഇതിനെ എതിര്‍ക്കുന്നത് എന്ന് എനിക്ക് അറിയില്ല. അവര്‍ക്കും ചിലപ്പോള്‍ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയിട്ട് മതി കെ റെയിലില്‍ പോകുന്നത്. ഇതൊന്നുമില്ലാതെ ആളുകള്‍ യാത്ര ചെയ്യുന്നില്ലേ. സില്‍വര്‍ ലൈന്‍ വരാത്തതുകൊണ്ട് ആളുകള്‍ മരിച്ചുപോകുകയൊന്നുമില്ലല്ലോ.