ഗണേഷ് കുമാറിന്റെ ആരോപണം അസംബന്ധം; ബന്ധുവായ ഡി.വൈ.എസ്.പിയാണ് പിന്നില്‍: ഷമ്മി തിലകന്‍

ഗണേഷ് കുമാറിന്റെ ആരോപണം അസംബന്ധം; ബന്ധുവായ ഡി.വൈ.എസ്.പിയാണ് പിന്നില്‍: ഷമ്മി തിലകന്‍
Published on

തനിക്കെതിരെ അയല്‍ക്കാരും പൊലീസും പരാതി പറഞ്ഞുവെന്ന കെ.ബി. ഗണേഷ് കുമാര്‍ കുമാറിന്റെ പരാമര്‍ശം അസംബന്ധമാണെന്ന് നടന്‍ ഷമ്മി തിലകന്‍. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ.എസ്.പിയാണ് ആരോപണത്തിന് പിന്നിലെന്നും ഷമ്മിതിലകന്‍ പറഞ്ഞു.

അമ്മയിലെ അനീതിക്കെതിരെയാണ് താന്‍ പോരാടുന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് കൈനീട്ടം പ്രഖ്യാപിച്ച നടപടി ചട്ടലംഘനമാണെന്നും ആളുകളെ സ്വാധീനിക്കാന്‍ വേണ്ടിയാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ നമ്മള്‍ പണം കൊടുക്കുകയോ സാമ്പത്തിക സഹായം ചെയ്യുകയോ ഒന്നും ചെയ്യില്ലല്ലോ. നാളെ ഇലക്ഷന്‍ ആണ്. അതിന്റെ തലേ ദിവസം കൂടുന്ന 25 പേര്‍ക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തെറ്റല്ലേ. അങ്ങനെയൊക്കെയാണ് കാലാകാലങ്ങളായി അമ്മയുടെ ഔദ്യോഗിക സ്ഥാനത്ത് ഈ ആളുകള്‍ തുടര്‍ന്ന് പോരുന്നത്.

ഞാന്‍ വിഷയമാക്കിയത് എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരെയാണ്. ചില അംഗങ്ങള്‍ക്കെതിരെ, കൈനീട്ടം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഒക്കെ ആണ് ഞാന്‍ പ്രതികരിച്ചതെന്നും ഷമ്മിതിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ വിശദീകരണ കത്തിന് മറുപടി നല്‍കിയില്ല എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. വിശദീകരണത്തില്‍ തൃപ്തികരമല്ലാത്തത് എന്താണെന്ന് അവര്‍ ഇതുവരെയും എന്നെ ബോധിപ്പിച്ചിട്ടില്ല. അത് ബോധിപ്പിക്കാതെ ഒരു നിയമസാധുതയുമില്ലാത്ത, മീടൂ ആരോപണ വിധേയനായ ഒരു വ്യക്തിയെ പിടിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ ആക്കിയിരിക്കുന്നു. അയാളെ മുന്നില്‍ ഹാജരാകാന്‍ എനിക്ക് ഭയങ്കര ചളിപ്പ് തോന്നി. കൃത്യമായി വിശദീകരണം കൊടുത്ത എന്നെ വൃത്തികെട്ട കുറ്റാരോപിതനായ ഒരു വ്യക്തിയുടെ മുന്നില്‍ പോയി നില്‍ക്കാന്‍ പറഞ്ഞതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാകാം എന്ന് പറഞ്ഞു. അതിന് അവര്‍ സമ്മതിച്ചില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in