ഫയര്‍ഫോഴ്‌സ് ആംബുലന്‍സിനെ വിളിക്കാന്‍ പറഞ്ഞു, ആംബുലന്‍സ് വരാന്‍ പറ്റില്ലെന്നും; ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തെ കുറിച്ച് കൈലാഷ്

ഫയര്‍ഫോഴ്‌സ് ആംബുലന്‍സിനെ വിളിക്കാന്‍ പറഞ്ഞു, ആംബുലന്‍സ് വരാന്‍ പറ്റില്ലെന്നും;  ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തെ കുറിച്ച് കൈലാഷ്
Published on

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ കട്ടിലില്‍ നിന്ന് താഴെ വീണപ്പോള്‍ ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സിയെ വിളിച്ചെങ്കിലും കൃത്യ സമയത്ത് ഇടപെടാന്‍ സാധിച്ചില്ലെന്ന് നടന്‍ കൈലാഷ്. ആംബുലന്‍സിനെ വിളിച്ചപ്പോള്‍ ഹോസ്പിറ്റല്‍ ഷിഫ്റ്റിംഗ് ഉണ്ടെങ്കില്‍ മാത്രമാണ് വരാന്‍ കഴിയുകയുള്ളുവെന്നും, ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ വിളിക്കാനുമാണ് പറഞ്ഞതെന്നും കൈലാഷ് പറഞ്ഞു.

പിന്നീട് പാലാരിവട്ടത്ത് നിന്ന് രണ്ട് പൊലീസുകാര്‍ എത്തിയാണ് ആംബുലന്‍സ് വിളിച്ചതെന്നും കൈലാഷ്. മൂന്നോ നാലോ മണിക്കൂറോളം അദ്ദേഹത്തിന് ടൈലില്‍ നിലത്ത് കിടക്കേണ്ടി വന്നുവെന്നും കൈലാഷ്. തൊട്ടടുത്ത ദിവസം ഇത്തരമൊരു അപകടമുണ്ടാകുമ്പോള്‍ നമുക്ക് വിളിക്കാന്‍ ഒരു സംവിധാനം ഉണ്ടായാല്‍ നന്നായിരുന്നുവെന്ന് ജോണ്‍ പോള്‍ തന്നോട് പറഞ്ഞെന്നും കൈലാഷ് പ്രതികരിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മരിച്ചതല്ല ഇവിടുത്തെ വ്യവസ്ഥിതി കൊന്നതാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ജോളി ജോസഫ് പറഞ്ഞിരുന്നു. കട്ടിലില്‍ നിന്നും താഴെ വീണ ജോണ്‍ പോളിനെ ആശുപത്രിയിലെത്തിക്കാന്‍ നിരവധി ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.

എട്ട് മണിയോടെ കട്ടിലില്‍നിന്ന് വീണ അദ്ദേഹത്തെ ഒടുവില്‍, പൊലീസിന്റെയും മറ്റും സഹായത്തോടെ കട്ടിലിലേക്ക് കിടത്തുമ്പോള്‍ സമയം വെളുപ്പിന് രണ്ട് മണി കഴിഞ്ഞിരുന്നു എന്നാണ് ജോളി ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ജോളി ജോസഫ് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൈലാഷ് ജോണ്‍ പോളിന്റെ വീട്ടില്‍ എത്തുന്നത്.

കൈലാഷിന്റെ വാക്കുകള്‍

ജോണ്‍ പോള്‍ സാറിന്റെ അടുത്ത സുഹൃത്ത് വിളിച്ചാണ് സാര്‍ വീണ കാര്യം പറയുന്നത്. അദ്ദേഹത്തിന് ആ സമയത്ത് അവിടെ എത്താന്‍ കഴിയാത്തതുകൊണ്ടാണ് എന്നെ വിളിക്കുന്നത്. ചെല്ലുമ്പോള്‍ കാണുന്നത് സാര്‍ വീണ് താഴെ കിടക്കുന്നതാണ്.

അദ്ദേഹത്തിന് നല്ല ഭാരമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് എടുത്തുയര്‍ത്താന്‍ പറ്റില്ലായിരുന്നു. എന്റെ കൂടെ രണ്ട് മൂന്ന് പേരുണ്ടായിരുന്നു. ആ സമയത്ത് ഒരു ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വേണമെന്ന് തോന്നി. സാറിന്റെ കൈയിലോ കാലിലോ പിടിക്കുമ്പോള്‍ നടു വേദനിക്കുന്നുണ്ടായിരുന്നു. കിട്ടാവുന്ന ഒരു പില്ലോയും ഷീറ്റുമൊക്കെ സാറിന്റെ സൈഡില്‍ വെച്ചു. ആ സമയത്ത് ആംബുലന്‍സിനെ വിളിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെയും ട്രൈ ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടപെടാന്‍ അവര്‍ക്ക് പറ്റുന്നില്ലായിരുന്നു.

ആംബുലന്‍സില്‍ സംസാരിക്കുമ്പോള്‍ ഹോസ്പിറ്റല്‍ ഷിഫ്റ്റിങ്ങാണെങ്കില്‍ മാത്രമേ വരൂ എന്നാണ് പറഞ്ഞത്. അപ്പോഴാണ് ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ആംബുലന്‍സുമായി ബന്ധപ്പെടണം എന്ന് പറഞ്ഞു. ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സ് സര്‍വ്വീസിനെയും കുറ്റപ്പെടുത്തുകയല്ല. പക്ഷേ ഇത്തരമൊരു സാഹചര്യത്തില്‍ പല സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവര്‍ക്ക് ഇടപെടാന്‍ പറ്റുന്നില്ല.

ഞാനവിടെ എത്തുമ്പോള്‍ രാത്രി പത്ത് മണിയായിരുന്നു. പിന്നീട് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. അപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് എല്ലാ സഹകരണവുമായി രണ്ട് പൊലീസുകാര്‍ വന്നു. അവരും സഹായിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് നടക്കില്ലായിരുന്നു. അവര്‍ക്ക് കണ്ടപ്പോള്‍ സാഹചര്യം മനസിലായി. പൊലീസുകാര്‍ കുറേ ആളുകളെ വിളിക്കുകയൊക്കെ ചെയ്തു. പക്ഷേ അവര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റിയില്ല. അതിന് ശേഷം ബൈപാസിലെ മെഡിക്കല്‍ സെന്ററിലേക്ക് പോയി. അവിടെ അവര്‍ കുറേ സമയം വെയ്റ്റ് ചെയ്തിട്ടാണ് ഒരു ആംബുലന്‍സ് വന്നത്.

പിന്നീട് സാറിനെ സ്ട്രക്ച്ചറിലേക്ക് കിടത്തുകയും. ബെഡിലേക്ക് മാറ്റുകയും ചെയ്തു. അപ്പോഴേക്കും രാത്രി ഒരു രണ്ട് മണിയൊക്കെ ആയി. സാറിനെ സംബന്ധിച്ചിടത്തോളം മൂന്നാല് മണിക്കൂറാണ് ടൈലില്‍ തണുപ്പത്ത് നിലത്ത് കിടന്നത്.

സാര്‍ ഈ സമയത്ത് ആദ്യം വിളിച്ചത് ജോളി ജോസഫിനെയായിരുന്നു. അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലായിരുന്നു. അദ്ദേഹമാണ് എന്നെ വിളിക്കുന്നത്. പിറ്റേ ദിവസം സാര്‍ എന്നോട് പറയുന്നത് പറ്റുമെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ നമ്മുടെ ഏതെങ്കിലുമൊരു സിസ്റ്റത്തിലേക്ക് വിളിക്കാനുള്ള സൗകര്യമുണ്ടാക്കാന്‍ സാധിച്ചാല്‍ നന്നായിരുന്നുവെന്നാണ്. മറ്റൊരാള്‍ക്കും ഇത് വരാമല്ലോ.

ഗവണ്‍മെന്റ് ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു പക്ഷേ ഹോസ്പിറ്റല്‍ ഷിഫ്റ്റിംഗ് ഉണ്ടെങ്കില്‍ മാത്രമായിരിക്കും ആംബുലന്‍സിന് ഇടപെടാന്‍ സാധിക്കുക. അല്ലെങ്കില്‍ അപകടമുണ്ടായാല്‍ മാത്രമായിരിക്കും ഫയര്‍ഫോഴ്‌സിന് ഇടപെടാന്‍ സാധിക്കുക. ഇത് രണ്ടുമല്ലാത്ത ഒരു സാഹചര്യത്തില്‍ 170 കിലോ ഭാരമുള്ള ഒരാള്‍ വീണാല്‍ അയാളെ സംബന്ധിച്ചിടത്തോളം അത് അപകടമാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in