നമ്മളാണ് മണ്ടന്മാര്‍, 70 വര്‍ഷമായി കരഞ്ഞു കൊണ്ടിരിക്കുന്നു; 2026ല്‍ വിശ്വാസികള്‍ അധികാരത്തില്‍ വരണമെന്ന് നടന്‍ ദേവന്‍

നമ്മളാണ് മണ്ടന്മാര്‍, 70 വര്‍ഷമായി കരഞ്ഞു കൊണ്ടിരിക്കുന്നു; 2026ല്‍ വിശ്വാസികള്‍ അധികാരത്തില്‍ വരണമെന്ന് നടന്‍ ദേവന്‍
Published on

2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് നടന്‍ ദേവന്‍. കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്നും ദേവന്‍ പറഞ്ഞു.

ഹിന്ദുയിസത്തെ തകര്‍ക്കാന്‍ വേണ്ടി ജവഹര്‍ലാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഹിന്ദുയിസത്തെ മാറ്റിയെന്നും അതുപോലെ 70 വര്‍ഷമായി കേരളത്തില്‍ ഹിന്ദുക്കള്‍ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാതയിലൂടെ തീര്‍ഥാടനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവന്‍. വിലക്ക് ലംഘിച്ച് അയ്യപ്പഭക്തരുമായി കാനന പാതയിലൂടെ ശബരിമല യാത്ര നടത്തുകയും ചെയ്തു.

വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരുയാത്രയുടെ തുടക്കമാണിതെന്നും ദേവന്‍ പറഞ്ഞു.

ദേവന്റെ വാക്കുകള്‍

ഇവിടുത്തെ പ്രശ്‌നം വിശ്വാസിയും അവിശ്വാസിയും തമ്മിലാണ്. സ്ത്രീ പ്രവേശനത്തെപ്പറ്റി ഓര്‍ഡര്‍ വന്നതിന് ശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പന്മാര്‍ സഹിച്ചത്. നമ്മളെല്ലാം കണ്ണുകൊണ്ട് കണ്ടതാണ്. ഹിന്ദുയിസത്തെ തകര്‍ക്കാന്‍ വേണ്ടി, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഹിന്ദുയിസത്തെ മാറ്റി. വളരെ ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഉള്ള ഇടമാണിത്. 2026 ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവര്‍ത്തിക്കണം. ഇവിടുത്തെ പ്രശ്‌നം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ളതാണ്.

70 വര്‍ഷമായി നമ്മള്‍ കരഞ്ഞു കൊണ്ടിരിക്കുകയാണ്. ഇവിടെ ഒന്നും നടക്കുന്നില്ല. ഇവിടെ ആവശ്യം ഹിന്ദു ഐക്യമാണ്. ഒരുപാട് സംഘടനകള്‍ ഉണ്ട്. അതുപോര. ആവശ്യം ഭരണമാറ്റമാണ്. അതിലൂടെ മാത്രമേ ഒരു പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരുയാത്രയുടെ തുടക്കമാണിത്.

ഇവിടെ സംസാരിച്ച സ്വാമിജി പറഞ്ഞത് ഇവിടെ ഭരിക്കുന്നവരാണ് മണ്ടന്മാരാണെന്നാണ്. എന്നാല്‍ അവരല്ല മണ്ടന്മാര്‍. അവര്‍ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in