കക്കാടംപൊയിലിലെത്തിയ സാമൂഹികപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം; അക്രമിച്ചത് പി വി അന്‍വര്‍ എംഎല്‍എയുടെ കൂലിക്കാരെന്ന് കാരശ്ശേരി
കോഴിക്കോട് കക്കാടംപൊയില്‍ സന്ദര്‍ശിക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. എം എന്‍ കാരശ്ശേരി, സി ആര്‍ നീലകണ്ഠന്‍, ഡോ ആസാദ്, കെ അജിത എന്നിവരുടെ നേതൃത്തില്‍ നടത്തിയ കക്കാടംപൊയില്‍ സാംസ്‌കാരിക അന്വേഷണയാത്രയ്ക്കിടെയാണ് സംഭവം. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുണ്ടകളാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് ആരോപണമുണ്ട്. പി വി അന്‍വറിന്റെ കൂലിക്കാരാണ് ആക്രമിച്ചതെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു.
തടയണകളുള്‍പ്പെടെ അനധികൃതമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കാനാണ് കേരളത്തിലെ എഴുത്തുകാരും കലാകാരന്‍മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും കക്കാടംപൊയിലില്‍ എത്തിയത്.
സാമൂഹിക പ്രവര്‍ത്തകര്‍ പ്രകൃതി യാത്രയ്ക്ക് മുമ്പ് പുറത്തിക്കിയ പ്രസ്താവന
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും പ്രകൃതിക്ഷോഭവും നേരിട്ട നാം നമ്മുടെ മലയോരങ്ങളില്‍ പ്രകൃതിക്കുമേല്‍ നടക്കുന്ന ബലാല്‍ക്കാര പ്രവൃത്തികള്‍ വേണ്ടവിധം ശ്രദ്ധിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നില്ല. കയ്യേറ്റ മൂലധനത്തിന്റെ വളര്‍ച്ചയും അധികാരത്തണലിലുള്ള അഴിഞ്ഞാട്ടവും നമ്മെ നടുക്കേണ്ടതാണ്. ജനജാഗ്രതയുണരാനും അതിജീവനവും സുരക്ഷയും ഉറപ്പാക്കാനും ബോധപൂര്‍വ്വമായ ഇടപെടല്‍ വേണം. ഈ ലക്ഷ്യത്തോടെയാണ് എഴുത്തുകാരും കലാ സാംസ്‌കാരിക-ശാസ്ത്ര പ്രവര്‍ത്തകരും സമുദ്രനിരപ്പില്‍നിന്ന് മുവായിരത്തോളം അടി ഉയരെയുള്ള കക്കാടംപൊയില്‍ പ്രദേശം സന്ദര്‍ശിക്കുന്നത്. അവിടത്തെ തടയണകളും പാറമടകളും അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പരാതികളുടെ നിജസ്ഥിതി അന്വേഷിക്കുന്നു.
കോഴിക്കോട് ചീങ്കണ്ണിപ്പാലയില്‍ പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്തെ തടയണ പൂര്‍ണ്ണമായും പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൂര്‍ണമായും പൊളിച്ചു നീക്കി കളഞ്ഞ ശേഷം വെള്ളം ഒഴുക്കി വിടണം. ഇതിന്റെ ചെലവ് തടയണ പണിതവര്‍ തന്നെ വഹിക്കണം. ഇത്രയുമൊക്കെ ആയിട്ടും നമ്മള്‍ എന്തുകൊണ്ടാണ് പഠിക്കാത്തതെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ചോദിച്ചു. തടയണ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ദുരന്തമുണ്ടായ കവളപ്പാറ 10 കിലോമീറ്റര്‍ മാത്രം ദൂരെയാണെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.