അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാനാകില്ല; സുപ്രീം കോടതി

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാനാകില്ല; സുപ്രീം കോടതി
Published on

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. 24 ആഴ്ചയിലധികം ഗര്‍ഭിണിയായ മണിപ്പൂരി യുവതി ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിക്ക് അനുകൂലമായ വിധി പറഞ്ഞത്. യുവതിയുടെ ജീവന് അപകടമില്ലാത്ത രീതിയില്‍ ഗര്‍ഭഛിദ്രം ചെയ്യാനാകുമോ എന്ന് പരിശോധിക്കാനായി രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു ബോര്‍ഡിനെ നിയമിക്കാന്‍ എയിംസ് ഡയറക്ടറോട് നിര്‍ദേശിച്ചു.

മണിപ്പൂരി യുവതിയുടെ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഗര്‍ഭഛിദ്രം നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ പരിധിയില്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടില്ല എന്ന് കാണിച്ചായിരുന്നു ഗര്‍ഭഛിദ്രം അനുവദിക്കാതിരുന്നത്.

2021ല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിലെ വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതില്‍ ഭര്‍ത്താവ് എന്നതിന് പകരം പാര്‍ട്ണര്‍ എന്നും ചേര്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകളെകൂടി നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് ഭര്‍ത്താവിന് പകരം പാര്‍ട്ണര്‍ എന്ന് നല്‍കിയിരിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in